jayalal

തിരുവനന്തപുരം: പാർട്ടിയിൽ ആലോചിക്കാതെ സഹകരണസംഘം രൂപീകരിച്ച് ആശുപത്രി വാങ്ങാൻ തീരുമാനിച്ചതിന്, സംസ്ഥാന കൗൺസിൽ അംഗവും ചാത്തന്നൂർ എം.എൽ.എയുമായ ജി.എസ്. ജയലാലിനെ തിരഞ്ഞെടുത്ത പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ നിർദ്ദേശം. അടുത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനം അംഗീകരിക്കും. ജില്ലാ കൗൺസിലിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയലാലിനെ സംസ്ഥാന, ജില്ലാ കൗൺസിലുകളിൽ നിന്നു നീക്കാനാണ് ധാരണ.

ഇടപാടിൽ ക്രമക്കേടൊന്നും ആരോപിക്കാനില്ലെങ്കിലും ഒരു ഘട്ടത്തിലും പാർട്ടിയിൽ ചർച്ച ചെയ്യുകയോ പാർട്ടിയെ അറിയിക്കുകയോ ചെയ്യാത്തത് ഗുരുതര വീഴ്ചയാണെന്നാണ് ജില്ലാ, സംസ്ഥാന എക്സിക്യൂട്ടിവുകളുടെ നിഗമനം. സദുദ്ദേശ്യത്തോടെ ചെയ്തതായാലും പാർട്ടിയെ അത് വിവാദത്തിലും പ്രതിരോധത്തിലുമാക്കാനാണ് വഴി വച്ചത്. പാർട്ടിയെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ ജയലാൽ സമ്മതിച്ചു.

അഷ്ടമുടി ആശുപത്രി

സ്വകാര്യ ഉടമസ്ഥതയിലായിരുന്ന അഷ്ടമുടി ആശുപത്രി സഹകരണ സംഘം രൂപീകരിച്ച് വിലയ്ക്ക് വാങ്ങാനായിരുന്നു തീരുമാനം. സർക്കാരിന്റെ മൂല്യനിർണയത്തിൽ 11 കോടി വില വരുന്നതാണ് ആസ്തി. ഇത് അഞ്ച് കോടിയോളം രൂപയ്ക്ക് വാങ്ങാനാണ് തീരുമാനിച്ചത്. രണ്ട് കോടി രൂപ ഇതിനകം നൽകി. ബാക്കി തുക ഓഹരിസമാഹരണം വഴി സ്വരൂപിക്കാനായിരുന്നു നീക്കം. 140 ഓഹരിയുടമകളെയും കണ്ടെത്തി. അതിലേക്ക് കടക്കുമ്പോഴാണ് വിവാദമായത്. 11 പേരാണ് സഹകരണസംഘം ഭരണസമിതിയിൽ. ഇതിൽ ഒമ്പത് പേരും സി.പി.ഐക്കാരാണ്. ബാക്കി രണ്ട് പേരിൽ ഒരാൾ കോൺഗ്രസും മറ്റൊരാൾ പി.ഡി.പിയും. ഒമ്പത് സി.പി.ഐ അംഗങ്ങളും വിവരം പാർട്ടി ഘടകങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്നാണ് ആരോപണം.