തിരുവനന്തപുരം:രാജ്യത്തിന് അഭിമാനം സമ്മാനിച്ച ടീം ചന്ദ്രയാൻ 2- ന്റെ അണിയറയിൽ മലയാളികൾ.
പേടകം വഹിച്ച് ബഹിരാകാശത്തേക്കു കുതിച്ചത് ജി.എസ്.എൽ.വി. മാർക്ക് 3 എം 1 റോക്കറ്റ് നിർമ്മിച്ചത് തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിലാണ്. വി.എസ്.എസ്. സി. ഡയറക്ടർ എസ്. സോമനാഥ് ആണ് ഇതിന്റെ മേൽനോട്ടം പൂർണ്ണമായും വഹിച്ചത്.
കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ സ്വർണ്ണമെഡലോടെ പഠനം പൂർത്തിയാക്കി 1985 ൽ ഐ.എസ്.ആർ.ഒ.യിലെത്തിയ സോമനാഥ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസിൽ നിന്ന് ഏറെസ്‌പെയ്സ് എൻജിനിയറിംഗിൽ റോക്കറ്റിന്റെ ഘടനയിലും രൂപകൽപനയിലും ഡൈനാമിക്സിലും സ്‌പെഷ്യലൈസേഷനും നേടി. രാജ്യത്തെ അറിയപ്പെടുന്ന റോക്കറ്റ് സാങ്കേതിക വിദഗ്ധനായ സോമനാഥാണ് ജി.എസ്.എൽ.വി. റോക്കറ്റ് തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത്. 2014 ൽ ജി.എസ്.എൽ.വി.യുടെ ആദ്യപരീക്ഷണം വരെ അതിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ചന്ദ്രയാൻ പദ്ധതിക്കായി ജി.എസ്.എൽ.വി. യുടെ പരിഷ്‌ക്കരിച്ച ശക്തിയേറിയ പതിപ്പ് ഒരുക്കമ്പോൾ അദ്ദേഹം വി.എസ്.എസ്.സി.യുടെ തന്നെ ഡയറക്ടറായി മുന്നിലുണ്ടായിരുന്നു.
മദ്രാസ് എം.ഐ.ടിയിൽ പഠിച്ചിറിങ്ങിയ കൊല്ലം സ്വദേശിയായ ജെ.. ജയപ്രകാശാണ് ജി.എസ്.എൽ.വി.യുടെ മിഷൻ ഡയറക്ടർ. പത്തനംതിട്ട സ്വദേശിയും ഖരഗ്പൂർ ഐ.ഐ.ടി.യിൽ നിന്ന് പഠിച്ചിറങ്ങിയ കെ. സി. രഘുനാഥപിള്ളയാണ് ജി.എസ്.എൽ.വി.യുടെ വെഹിക്കിൾ ഡയറക്ടർ. തിരുവനന്തപുരം സി.ഇ.ടി.യിൽ നിന്നുള്ള മല്ലപ്പള്ളി സ്വദേശിയായ പി.എം. എബ്രഹാം അസോസിയേറ്റ് വെഹിക്കിൾ ഡയറക്ടർ. ഇവർക്കെല്ലാം പുറമെ തിരുവനന്തപുരം സി.ഇ.ടി.യിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശിയായ ജി.നാരായണൻ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായി ചന്ദ്രയാൻ 2 മിഷനിലുണ്ട്.
ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം മുൻ ഡയറക്ടറും ഇപ്പോൾ ഐ.എസ്. ആർ.ഒ.യുടെ സാറ്റലൈറ്റ് സെന്റർ ഡയറക്ടറുമായ പയ്യന്നൂർ സ്വദേശി കുഞ്ഞിക്കഷ്ണനാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇവരുടെയെല്ലാം ടീമിൽ നിരവധി മലയാളി ശാസ്ത്രജ്ഞരും എൻജിനിയർമാരും ചന്ദ്രയാന്റെ അണിയറയിലുണ്ട്.