ചിറയിൻകീഴ്: സി.പി.എമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ നിത്യ ഹരിത നായകന്റെ ഓർമ്മകൾ പങ്കുവച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ആരായാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ശാർക്കരയിലുളള പ്രേം നസീറിന്റെ കുടുംബവീടായ ആക്കോട്ട് വീട്ടിൽ എത്തിയതായിരുന്നു. നസീറിന്റെ മുറപ്പെണ്ണ് ബർക്കീസ് ബീവിയാണ് ഇപ്പോഴിവിടെ താമസം. ഇവിടെ എത്തിയപ്പോൾ സംസാരം കൂടുതലും നസീറിനെക്കുറിച്ചായി. നസീർ അഞ്ഞൂറ് ചിത്രങ്ങൾ പൂർത്തിയാക്കിയപ്പോൾ ചിറയിൻകീഴ് പൗരാവലി ശാർക്കര മൈതാനത്ത് നൽകിയ വരവേല്പും സ്വീകരണവും ആനത്തവട്ടം ആനന്ദൻ ഓർത്തെടുത്തു. ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ പ്രേംനസീറിന്റെ സഹോദരൻ അഡ്വ. വൈ. അബ്ദുൾസലാം പഞ്ചായത്തംഗമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവച്ചു. പ്രേംനസീറിനെ കുറിച്ചുള്ള 'നിത്യഹരിതം' എന്ന പുസ്തകം ആനത്തലവട്ടം ആനന്ദന് ബൽക്കിസ് ബീവിയുടെ മകൾ വഹീദാ ബീവി, ചെറുമകൻ മിറാജ് എന്നിവർ ചേർന്ന് കൈമാറി. സി.പി.എം ഏര്യാ കമ്മിറ്റി അംഗം പി. മണികണ്ഠൻ ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.