psc
പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ രാജ്ഭവനിലെത്തി ഗവർണർ പി.സദാശിവത്തെ കണ്ടപ്പോൾ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിൽ പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ ഗവർണർ പി.സദാശിവത്തെ കണ്ട് വിശദീകരണം നൽകി.

പി.എസ്.സിയെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തകളിലും വിവിധ സംഘടനകളുടെ ആരോപണങ്ങളിലും ചെയർമാൻ വിശദീകരണം നൽകിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പരീക്ഷാ നടത്തിപ്പിനെയും അനുബന്ധ പ്രവർത്തനങ്ങളെയും കുറിച്ചും ചെയർമാൻ വിശദീകരിച്ചു. ആരോപണങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിൽ കൈക്കൊണ്ട നടപടികളും വിശദീകരിച്ചു.

സർവകലാശാലയിലും പി.എസ്.സിയിലും വൻക്രമക്കേടുകൾ നടക്കുന്നതിനാൽ വി.സിയെയും പി.എസ്.സി ചെയർമാനെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നേതൃസംഘം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയെ ഗവർണർ വിളിപ്പിച്ചിരുന്നു. പി.എസ്.സി ചെയർമാൻ, ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകളും രേഖകളുമായി തിങ്കളാഴ്ച ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു.