വർക്കല: ഇന്ത്യയിലെ പ്രധാന സഞ്ചാരകേന്ദ്രമായ പാപനാശത്തെ കുന്നുകളുടെ സംരക്ഷണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നു. യുനെസ്കോയുടെ സഹായത്തോടെ പാപനാശം കുന്നുകളെ ഇന്ത്യയിലെ ആദ്യത്തെ ഭൗമോദ്യാനം (ജിയോപാർക്ക്) ആക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഈ അവസ്ഥ. കുറച്ചുനാൾ മുമ്പ് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പുറത്തിറക്കിയ ജിയോ ടൂറിസം എന്ന പുസ്തകത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് പാപനാശത്തെ കുന്നുകളെയും സമീപ പ്രദേശങ്ങളെയും വിവരിച്ചിട്ടുള്ളത്. എന്നാൽ കുന്നിന്റെ ഭാഗത്ത് ഹെലിപ്പാഡിന് കുറച്ചുസ്ഥലത്ത് നഗരസഭ സുരക്ഷാവേലി സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. പാപനാശം കുന്നിലുള്ള നടപ്പാത പലയിടങ്ങളിലും തകർന്ന നിലയിലാണ്. പാപനാശം കുന്നുകൾ ശാസ്ത്രീയമായ രീതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചോ മറ്റ് പ്രകൃതിദത്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയോ സംരക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
പാപനാശം കുന്നുകൾ
-----------------------------------------
തെക്ക് ചിലക്കൂർ മുതൽ വടക്ക് ഇടവ വെറ്റക്കട വരെ രക്ഷാകവചം പോലെ കടൽതീരത്തെ പൊതിഞ്ഞു നിൽക്കുകയാണ് പാപനാശം കുന്നിൻനിര. ധാതു സമ്പുഷ്ടമാണ് ഈ കുന്നുകൾ. ഇവിടത്തെ ധാതുനിക്ഷേപത്തിന്റെ മാതൃക ലണ്ടനിലെ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രാസപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കുന്നിന്റെ അടിവാരങ്ങളിലെ നീരുറവകളിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.
കുന്നിടിച്ചിൽ തുടർക്കഥ
---------------------------------------------
2013ലാണ് കുന്ന് വലിയതോതിൽ ഇടിഞ്ഞുവീണത്. ഇതിനെ തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുകയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെസ് എന്നിവ സംയുക്തമായി പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുന്നിൽ അനധികൃത നിർമ്മാണം കളക്ടർ നിരോധിച്ചു. ക്ലിഫിൽ 50 മീറ്റർ പരിധിക്കുള്ളിലും നടപ്പാതയിലൂടെയും വാഹനഗതാഗതവും, കുന്നിൽ നിന്ന് കടൽതീരത്തേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നതും തടയണമെന്നും കോസ്റ്റൽ റഗുലേഷൻ സോൺ നിയമം കർശനമായി പാലിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു
കഴിഞ്ഞ വർഷം കുന്ന് ഇടിഞ്ഞത് - 18 തവണ
അപകടത്തിൽ പരിക്കേറ്റത് - 22 പേർക്ക്
പാപനാശം കുന്നുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ
വേഗത്തിലാക്കും - അഡ്വ.വി. ജോയ് എം.എൽ.എ