kovalam

കോവളം: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് കോവളം ബീച്ചിൽ ഇറങ്ങുന്നതിന് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്നലെ രാവിലെ മുതൽ തുടരുന്ന കടൽക്ഷോഭം രാത്രിയും തുടർന്നു. സഞ്ചാരികളുടെ ഇഷ്ട സങ്കേതമായ സീറോക്ക് ബീച്ചിനും ഹൗവാ ബീച്ചിനും മദ്ധ്യേയുള്ള ദ്വീപിന് സമാനമായ ഇടക്കല്ല് കടലെടുത്തു. ഇടക്കല്ലിനു ചുറ്റുമുള്ള തൂൺ കെട്ടുകളും ഇരുമ്പ് കമ്പികൾ കൊണ്ടു സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തികളും ചുറ്റുമതിലും ലൈറ്റുകൾ, പൂന്തോട്ടം എന്നിവ നാശത്തിന്റെ വക്കിലാണ്. കടൽ ക്ഷോഭത്തെ തുടർന്ന് കോവളം പൊലീസും ലൈഫ് ഗാർഡുകളും തീരത്തു നിന്ന് ആൾക്കാരെ ഒഴിപ്പിച്ചു. ലൈറ്റ് ഹൗസ്, ഗ്രോവ്, ഹവാ, എന്നീ ബീച്ചുകളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തിയ അധികൃതർ മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചു. രാത്രിയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതയിലാണ്. തീരത്തെ പള്ളികൾ മുഖാന്തരവും കടലോര ജാഗ്രതാ സമിതികൾ വഴിയും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകി. പൂവാർ, പൊഴിക്കര, അടിമലത്തുറ മേഖലയിലും കൂറ്റൻ തിരമാലകൾ കരയിലേക്ക് കയറിയത് ആശങ്ക പരത്തി.