navdeep-saini
navdeep saini

ആറ് കൊല്ലം മുമ്പാണ് നവ്ദീപ് സെയ്നിയെന്ന ഹരിയാനക്കാരൻ പയ്യൻ ലെതർ ക്രിക്കറ്റ് ബാൾ ആദ്യമായി കൈയിലെടുക്കുന്നത്. അതുവരെ ടെന്നിസ് ബാൾ ക്രിക്കറ്റിലായിരുന്നു സെയ്നിക്ക് കമ്പം. ഒരു മത്സരം കളിക്കാൻ പോയാൽ 200-250 രൂപ കിട്ടും. ആ പയ്യനാണ് ഇപ്പോൾ ഇന്ത്യയുടെ ഏകദിന ട്വന്റി-20 ടീമുകളിലേക്ക് എത്തിയിരിക്കുന്നത്.

ഹരിയാനയിലെ കർണാലിലും പരിസരത്തും ഗ്രാമങ്ങളിലും ടെന്നിസ് ബാൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന നവ്‌ദീപ് ഡൽഹിയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. അത്ഭുതങ്ങളുടെ അകമ്പടിയുണ്ട്. വഴിത്തിരിവുകളിൽ കൈപിടിച്ചുയർത്തിയവരുണ്ട്.

മണിക്കൂറിൽ 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിയുന്ന താരമാണ് നവദീപ്. ടെന്നിസ് ബാളിൽ അപാര വേഗവുമായി വിസ്മയിപ്പിച്ച നവ്ദീപിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് കർണാൽ പ്രിമിയർ ലീഗിൽ മത്സരിക്കാനിറങ്ങിയതാണ്. സൂപ്പർ ഫാസ്റ്റ് വേഗത്തിൽ പന്തെറിയുന്ന പയ്യനെ ശ്രദ്ധിച്ചത് ഡൽഹി മുൻ പേസറായിരുന്ന സുമിത് നർവാളാണ്. ആ ടൂർണമെന്റിന്റെ നടത്തിപ്പുകാരൻ കൂടിയായിരുന്ന സുമിത് താൻ കണ്ടെത്തിയ നിധിയുമായി നേരേ ഡൽഹിക്ക് വണ്ടികയറി. അന്ന് ഗൗതംഗംഭീർ ഇന്ത്യൻ ടീമിൽ തിളങ്ങി നിൽക്കുന്ന കാലം. പയ്യനെ ഗംഭീറിനെതിരെ നെറ്റ്സിൽ ബൗൾ ചെയ്യാനിറക്കി. വേഗം കണ്ട് ഗംഭീർ അമ്പരന്നു. ഈ പയ്യനെ ഡൽഹി രഞ്ജി ടീമിലെടുക്കണമെന്ന് ക്യാപ്ടനായിരുന്ന ഗംഭീർ ഡൽഹി ക്രിക്കറ്റ് അസോസിയേഷനോട് ശക്തമായി ആവശ്യപ്പെട്ടു. ആദ്യം ചെറിയ എതിർപ്പുകളൊക്കെ ഉയർന്നു. ഹരിയാനക്കാരൻ ചെറുക്കനെ എന്തിന് നമ്മൾ ടീമിലെടുക്കണമെന്നായിരുന്നു അന്ന് അസോസിയേഷനിലുണ്ടായിരുന്ന ചിലരുടെ നിലപാട്. എന്നാൽ, ഒരു കാര്യം നേടിയെടുക്കാൻ ആരെയും കൂസാത്ത ഗംഭീറുണ്ടോ വിടുന്നു. ഉടക്കുമായിവന്നവരെയൊക്കെ കണ്ണുരുട്ടി വിട്ടു. അതോടെ 2013 സീസണിലെ ഡൽഹി രഞ്ജി ടീമിൽ സെയ്നിക്ക് സ്ഥാനമുറപ്പായി.

തനിക്ക് പന്തെറിയാനെത്തിയ പയ്യന് ഒരു ജോഡി ഷൂസും ഗംഭീർ വാങ്ങിയിരുന്നു. എന്നും ഡൽഹി ടീമിന്റെ നെറ്റ്സിൽ വന്ന് പന്തെറിയാനും നിർദ്ദേശം നൽകി.

അവിടുന്നങ്ങോട്ട് സെയ്നിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2017 -18 സീസണിൽ ഡൽഹി രഞ്ജി ട്രോഫി ഫൈനലിലെത്തിയപ്പോൾ 34 വിക്കറ്റുകളുമായി ടീമിന്റെ ഉയർന്ന വിക്കറ്റ് ടേക്കർ സെയ്നിയായിരുന്നു. ബംഗാളിനെതിരായ സെമിഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി. ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

കഴിഞ്ഞ സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ബാംഗ്ളൂരിനു വേണ്ടി പന്തെറിഞ്ഞ നവ്‌ദീപ് ആസ്ട്രേലിയൻ വെറ്ററൻ ബാറ്റ്സ്‌മാനെ ബൗൺസറിലൂടെ ശരിക്കും വിരട്ടിയിരുന്നു. നവ്ദീപിന്റെ വേഗം കണ്ടാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നെറ്റ്സ് ബൗളറാക്കിയത്. വിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് ഈ 26കാരൻ കാഴ്ചവയ്ക്കുന്നത്. ഈ മികവെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്.

''ഗൗതം ഗംഭീർ എനിക്ക് എല്ലാമെല്ലാമാണ്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഞാൻ വികാരാധീനനാകും. എന്റെ ബൗളിംഗ് ആദ്യം കണ്ടപ്പോൾ തന്നെ, നിരന്തര പരിശീലനം നടത്തിയിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കളിക്കുമെന്ന് എനിക്ക് തോന്നുന്നതിന് മുമ്പേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

-നവ്ദീപ് സെയ്നി