കാട്ടാക്കട: കാട്ടാക്കട നഗരത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പുഴുവരിച്ച മാങ്ങയും അഴുകിയ വിവിധയിനം പഴ വർഗ്ഗങ്ങളും പിടിച്ചെടുത്തു. കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കടകളിലും ടൗണിലെ പഴക്കടകളിലും വഴിയോര കടകളിലും ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഗോപിനാഥൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മഴക്കാലത്ത് വില്പന കുറവായതിനാൽ മാങ്ങ ജ്യൂസിനായാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇത് കഴിച്ചാൽ വയറിളക്കം ഉൾപ്പടെ അസുഖങ്ങൾ ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത പഴകിയതും പുഴുവരിച്ചതുമായ ഫലങ്ങൾ ഉടമസ്ഥരെ കൊണ്ട് തന്നെ നശിപ്പിച്ചു. വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും ഉപയോഗശൂന്യമായവ വില്പനയ്ക്ക് നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.