മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ഈ സീസണിൽ ഒഴിവാക്കാനിരിക്കുന്ന താരമാണ് ഗാരേത്ത് ബെയ്ൽ.
ബ്രസീലിയൻ താരം നെയ്മറിന് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ തുടരാൻ വയ്യ. സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹം. എന്നാൽ, ബാഴ്സ അന്റോണിക്കോ ഗ്രീസ്മാനെ വാങ്ങിയതിനാൽ ആ വഴി പ്രവേശനം അത്ര എളുപ്പവുമല്ല.
വലിയ വിലകൊടുത്തണ് റയൽ മാഡ്രിഡ് ഗാരേത്ത് ബെയ്ലിനെ വാങ്ങിയിരുന്നത്. ഇപ്പോൾ ആ തുക ലഭിക്കാനുള്ള സാദ്ധ്യതയില്ല. ക്ളബ് വിടാനുള്ള താത്പര്യം ബെയ്ലിന് ഇല്ലതാനും.
എന്നാൽ, പിന്നെ ഈ രണ്ടുപേരെയും പരസ്പരം കൈമാറി പ്രശ്നം പരിഹരിക്കരുതേോ? റയൽ മാഡ്രിഡും പാരീസ് സെന്റ് ജുർമെയ്നും ഈ വഴിയിലാണ് ചിന്തിക്കുന്നത്. ബെയ്ലിനെയും ബാക്കി കാശും നൽകി നെയ്മറെ റയൽ മാഡ്രിഡിലേക്ക് എത്തിക്കാനാകുമോ എന്നത് ഫുട്ബാൾ ആരാധകരും കാത്തിരിക്കുന്നു.
ബെയ്ലിന്റെ പ്രശ്നം
ഫോമിലല്ലാത്ത ബെയ്ലിനെ തനിക്ക് വേണ്ടെന്ന് റയൽ കോച്ച് സിദാൻ പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഉടനെ ബെയ്ൽ ക്ളബ് വിടുമെന്ന് കൂടി കോച്ച് പരസ്യമായി പറഞ്ഞുകളഞ്ഞു. ഏതെങ്കിലും ചൈനീസ് ക്ളബിലേക്ക് വിൽക്കാനായിരുന്നു റയലിന്റെ ആദ്യശ്രമം. ഇതിനോടായിരുന്നു താരത്തിന്റെ വിമുഖത. പാരീസ് എസ്.ജിയിലേക്കാണെങ്കിൽ ഒരു കൈനോക്കിയേക്കും. ബെയ്ലിന്റെ മുൻ ക്ളബ് ടോട്ടൻ ഹാം ഇടയ്ക്ക് നോട്ടമിട്ടെങ്കിലും വൻവില കണ്ട് പിൻവലിഞ്ഞു.
നെയ്മറിന് പാരീസ് മടുത്തു
കഴിഞ്ഞ സീസൺ മുതലേ ബാഴ്സയിൽ തിരിച്ചെത്താൻ നെയ്മർ ശ്രമം നടത്തുകയായിരുന്നു. ഏറക്കുറെ അതിൽ വിജയിച്ചതുമാണ്. പക്ഷേ, അപ്പോഴേക്ക് ഗ്രീസ്മാൻ ബാഴ്സയിലെത്തി. ലാലിഗയിലെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിന്റെ നട്ടെല്ല് തകർക്കുന്ന നീക്കമായതിനാൽ ഗ്രീസ്മാന് നെയ്മറെക്കാൾ പ്രാധാന്യം ബാഴ്സ നൽകുകയായിരുന്നു. ബാഴ്സലോണയിലെത്താനുള്ള പദ്ധതി പാളിയതോടെയാണ് നെയ്മർ പ്രീസീസൺ പരിശീലനത്തിനായി പാരീസിലേക്ക് പോയത്. അവിടെ ചെന്നശേഷവും പുതിയ സങ്കേതം തേടുകയായിരുന്നു. ഇതിനിടെയാണ് റയൽ മാഡ്രിഡിൽ നിന്ന് ഓഫർ വരുന്നത്. ബാഴ്സയില്ലെങ്കിൽ റയൽ എന്ന് ബ്രസീലിയൻ സൂപ്പർ താരം ചിന്തിച്ചു തുടങ്ങിയെന്നാണ് വാർത്തകൾ ഏദൻ ഹസാഡ് റയലിലെത്തിയത് മാത്രമാണ് നെയ്മറുടെ സാദ്ധ്യതകൾക്ക് തിരിച്ചടിയാകുന്നത്.