ശ്രീകാര്യം: സൊസൈറ്റി ജംഗ്ഷനുസമീപത്തെ പ്രദേശങ്ങളിലെയും കേരളാദിത്യപുരം - മണ്ണന്തല റോഡിലെയും തെരുവ് വിളക്കുകൾ കത്താത്തത് നാട്ടുകാരെ വലയ്‌ക്കുന്നു. ഇതുകാരണം പ്രദേശത്ത് മോഷ്ടാക്കളുടെയും തെരുവ് നായ്‌ക്കളുടെയും ശല്യം വർദ്ധിക്കുകയാണ്. ഇവിടെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന പരാതിയെ തുടർന്ന് അധികൃതർ പഴയ ട്യൂബ് ലൈറ്റുകളുടെ സ്ഥാനത്ത് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ അവ കേടായി. ഈ വിവരം അധികൃതരെ അറിയിച്ചിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവ് വിളക്കുകൾ കത്താത്തതിനാൽ തെരുവ് നായ്‌ക്കളെ ഭയന്ന് പ്രധാന കവലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ സന്ധ്യാ സമയത്തു പോലും നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ബൈക്ക് യാത്രക്കാരെയാണ് തെരുവ് നായ്‌ക്കൾ കൂടുതലായി ആക്രമിക്കുന്നത്. ജോലി കഴിഞ്ഞു വരുന്ന സ്ത്രീകളും ട്യൂഷനും മറ്റും പോയി മടങ്ങിവരുന്ന വിദ്യാർത്ഥികളും ഭയന്നാണ് ഇതുവഴി പോകുന്നത്. ഇരുട്ടിന്റെ മറപറ്റിയിരിക്കുന്ന മോഷ്ടാക്കളെ പേടിച്ച് ആയുധങ്ങൾ കൈയിൽ കരുതേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മോഷ്ടാക്കൾ ഇരുചക്രവാഹന യാത്രക്കാരെ തടഞ്ഞുനിറുത്തി ആക്രമിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിയ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചതുമൂലം മാറ്റി സ്ഥാപിക്കപ്പെട്ട മിക്ക സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ലെന്നും തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അടിയന്തരമായി തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പണിമുടക്കിയത് 100ഓളം തെരുവ് വിളക്കുകൾ

പ്രശ്‌നം ഗുരുതരം

----------------------------------

 തെരുവ് വിളക്ക് കത്താത്തത് സാമൂഹ്യവിരുദ്ധർക്ക് ഗുണം

 കാൽനടയാത്രക്കാർക്ക് വഴിനടക്കാൻ കഴിയുന്നില്ല

 രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം കൂടുന്നു

 നിലവാരമില്ലാത്ത ഉപകരണങ്ങൾ സ്ഥാപിച്ചെന്ന് പരാതി

 വിദ്യാർത്ഥികളും സ്ത്രീകളും അടക്കമുള്ളവർ ദുരിതത്തിൽ

ദിവസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി പ്രശ്‌നം പരിഹരിച്ചതാണ്. കേരളാദിത്യപുരം - മണ്ണന്തല ഭാഗത്തേക്കുള്ള വൈദ്യുതഗ്രിഡിലെ തകരാറാകാം തെരുവ് വിളക്കുകൾ കത്താത്തതിന് കാരണം. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കും -

ശങ്കർ,​ ശ്രീകാര്യം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ

തെരുവ് വിളക്കുകൾ തകരാറിലായത് ശ്രദ്ധയിൽപ്പെട്ടില്ല. വിഷയം

കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽപ്പെടുത്തും

സി. സുദർശനൻ,​ ചെല്ലമംഗലം വാർഡ് കൗൺസിലർ