physical-education-teache
physical education teachers strike

തിരുവനന്തപുരം : ജോലിയിലും കൂലിയിലും തുല്യത ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്കൂൾ കായിക അദ്ധ്യാപകർ ചട്ടപ്പടി സമരം തുടങ്ങിയിട്ട് നാളുകളായെങ്കിലും അനുഭാവം കാട്ടാതെ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും കണ്ണടയ്ക്കുന്നു. സമരത്തെ പൊളിക്കാൻ സർക്കാർ പക്ഷ അദ്ധ്യാപക സംഘടന രംഗത്തിറങ്ങുകയും ചെയ്തു.

രണ്ട് വർഷം മുമ്പ് നടന്ന സമരത്തെത്തുടർന്ന് സർക്കാർ കായികാദ്ധ്യാപകർക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെത്തുടർന്നാണ് ഇവർക്ക് വീണ്ടും സമരമുഖത്ത് എത്തേണ്ടിവന്നത്. ചട്ടപ്പടി സമരം മൂലം വിദ്യാഭ്യാസ വകുപ്പ് നടത്തിവന്നിരുന്ന സുബ്രതോ കപ്പിന്റെ ഉപജില്ലാതല മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. വരാനിരിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയേയും സമരം നീണ്ടുപോകുന്നത് പ്രതികൂലമായി ബാധിക്കും. സമരക്കാരെ വിരട്ടാൻ ഡി.പി.ഐ നിയമ നടപടികളുമായി കണ്ണുരുട്ടി നോക്കിയെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കായികാദ്ധ്യാപകരുടെ സംഘടന.

കായികാദ്ധ്യാപകരുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്.

1. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കായികാദ്ധ്യാപകർക്ക് ഹൈസ്കൂൾ അദ്ധ്യാപകർക്ക് തുല്യമായ ശമ്പളം അനുവദിക്കണം.

2. കായികാദ്ധ്യാപകരെ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് മാറ്റി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക.

3. കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരം യു.പി സ്കൂളുകളിൽ 200 കുട്ടികൾക്ക് ഒരു ഫുൾടൈം കായികാദ്ധ്യാപക തസ്തിക അനുവദിക്കുക.

4. ഹൈസ്കൂൾ ക്ളാസുകളിൽ നിലവിൽ അനുവർത്തിക്കുന്ന എസ്.ഇ.ആർ.ടി ടൈംടേബിൾ പ്രകാരമുള്ള പി.ടി. പീരിയഡുകൾ കായികാദ്ധ്യാപക തസ്തിക നിർണയത്തിന് പരിഗണിക്കുക

5. ഹയർ സെക്കൻഡറിയിൽ കായികാദ്ധ്യാപക തസ്തിക അനുവദിച്ച് പ്രമോഷൻ നൽകുക.

ഈ മാസം 10 മുതലാണ് കായികാദ്ധ്യാപകരുടെ സംഘടന ഡി.പി.ഐക്ക് നോട്ടീസ് നൽകി സബ്ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷനുകളുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാതെ ചട്ടപ്പടി സമരം തുടങ്ങിയത്. കായിക വിദ്യാഭ്യാസ നയം ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ, ഇത് കേവലം പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. എൽ.പി സ്കൂളിൽ കായികാദ്ധ്യാപക തസ്തികയില്ല. യു.പി. സ്കൂളിൽ അഞ്ഞൂറ് കുട്ടികൾ ഉണ്ടെങ്കിലേ ഒരു ഫുൾടൈം കായികാദ്ധ്യാപക തസ്തികയുള്ളൂ.

എച്ച്.എസിലെ കായികാദ്ധ്യാപകൻ തന്റെ സ്കൂളിലെ യു.പി. വിഭാഗത്തെയും ഹയർ സെക്കൻഡറി വിഭാഗത്തെയും പരിശീലിപ്പിക്കേണ്ട സ്ഥിതിയാണ് നിലവിൽ. ലഭിക്കുന്നത് യു.പി. സ്കൂൾ അദ്ധ്യാപകന്റെ ശമ്പളവും. ഹയർ സെക്കൻഡറിയിൽ പ്രവർത്തിക്കുന്നതിന് മാസം 300 രൂപ വീതം 10 മാസം നൽകും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് കായികാദ്ധ്യാപകർ ശ്രമിക്കുന്നത്.

2017ൽ ഡി.പി.ഐ നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാവണം. കായികാദ്ധ്യാപകരെ രണ്ടാംകിടക്കാരായി അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്.

-എം. സുനിൽകുമാർ,

ഡി.പി.ഇ.ടി.എ പ്രസിഡന്റ്.