തിരുവനന്തപുരം : അധികാര വടംവലിയിൽ ഉഴലുന്ന കേരള ഖോഖോ അസോസിയേഷന് പുതിയ സെക്രട്ടറി. നിലവിലെ പ്രസിഡന്റ് ബി. സത്യൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കെ. ഭാസ്കരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ബി. സത്യൻ പ്രസിഡന്റായി തുടരും. സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കുള്ള പ്രതിനിധിയും ബി. സത്യനാണ്.
ഇരുവിഭാഗങ്ങളിലുമായി പിരിഞ്ഞ ഖോ ഖോ അസോസിയേഷനിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളത് സത്യൻ വിഭാഗത്തിനാണ്. ഇന്നലെ വാർഷിക യോഗത്തിൽ കൗൺസിൽ നിരീക്ഷകനായി കരമന ഹരിയും പങ്കെടുത്തിരുന്നു.
ഡോ. ടി.ജി സക്കറിയ, വി.പി. പവിത്രൻ, ഫ്രാൻസിസ് എം.പി (വൈസ് പ്രസിഡന്റുമാർ), സി. സഞ്ജയ്കുമാർ (ജോയിന്റ് സെക്രട്ടറി), റോയ്.പി (ട്രഷറർ),ഡോ. പി.ടി. സൈനുദ്ദീൻ (രക്ഷാധികാരി) എന്നിവരാണ് മറ്റ് പുതിയ ഭാരവാഹികൾ. 30 അംഗ എക്സിക്യൂട്ടീവിനെയും എല്ലാ ജില്ലകളിലെയും സെക്രട്ടറിമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തവണത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ പാലക്കാട്ട് നടത്താൻ തീരുമാനിച്ചു. യോഗത്തിന് ശേഷം പുതിയ ഭാരവാഹികൾ കായിക മന്ത്രി ഇ.പി. ജയരാജനെ സന്ദർശിച്ചു.
അതേസമയം, ദേശീയ ഖോ ഖോ ഫെഡറേഷന്റെ അംഗീകാരം മറ്റൊരു വിഭാഗത്തിനാണ് ദേശീയ അംഗീകാരവും സംസ്ഥാന അംഗീകാരവും രണ്ട് കൂട്ടർക്കായതോടെ ഖോ ഖോ കായിക താരങ്ങളാണ് കുരുക്കിലായിരിക്കുന്നത്. ദേശീയ ഫെഡറേഷൻ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുമോ എന്നറിയാതെ വിഷമിക്കുകയാണ് തങ്ങൾ.