തിരുവനന്തപുരം: പുളിമൂട് ജംഗ്ഷൻ മുതൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റ് വരെയുള്ള റോഡിലെ മീഡിയൻ ലൈറ്റുകൾ ഓഫ് ചെയ്‌തത് നഗരത്തിന്റെ ഹൃദയഭാഗത്തെ ഇരുട്ടിലാക്കി. റോഡ് ഫണ്ട് ബോർഡ് സ്ഥാപിച്ച 10ഓളം ലൈറ്റുകളാണ് ഇന്നലെ രാത്രി 9.30ഓടെ അണച്ചത്. ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലൊരെണ്ണത്തിൽ നിന്ന് എർത്ത് ഉണ്ടായതിനെ തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ കണക്‌ഷൻ വിച്ഛേദിച്ചത്. പോസ്റ്റിൽ തൊട്ടവരാണ് വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചത്. ലൈറ്റുകളുടെ അറ്റകുറ്റപ്പണിയും മറ്റും റോഡ് ഫണ്ട് ബോർഡാണ് നടത്തേണ്ടത്. റോഡ് ഫണ്ട് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.