food

കൊല്ലം: പൊലീസ് ചമഞ്ഞ് യുവാവ് കവർച്ച നടത്തിയത് അർഭാട ജീവിതം ലക്ഷ്യമിട്ടെന്ന് പൊലീസ്. ഇന്നലെ കൊല്ലത്ത് പിടിയിലായ തൃശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറിന്(39) മുന്തിയ ഹോട്ടലിലെ ഭക്ഷണവും വില കൂടിയ മദ്യവും ഹരമായിരുന്നു. ഇതിനുള്ള കാശ് ഒപ്പിക്കാനാണ് തട്ടിപ്പിന്റെ പാത തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലിൽ കൊല്ലം ഈസ്‌റ്ര് പൊലീസിനോട് സമ്മതിച്ചു.

വടക്കാഞ്ചേരിൽ പിതാവ് നടത്തിയിരുന്ന റസ്‌റ്റോറന്റ് സക്കീറിന്റെ കൈയിലെത്തിയതോടെ എന്നന്നേയ്‌ക്കുമായി അടച്ചു പൂട്ടി. തുടർന്നാണ് ജില്ല വിട്ട് തട്ടിപ്പിന്റെ പാതയിലേക്ക് തിരിഞ്ഞതും ആദ്യ ഉദ്യമത്തിൽ തന്നെ പിടിവീണതും. ഇന്നലെ രാത്രി പുള്ളിക്കട മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിറുത്തി 700 രൂപയും മൊബൈൽ ഫോണും സക്കീർ പിടിച്ചുവാങ്ങി. പൊലീസ് സ്‌റ്റേഷനിൽ വന്ന് ഫോണും പണവും വാങ്ങി കൊള്ളാൻ നിർദേശിച്ചു. സക്കീർ പോകാനൊരുങ്ങിയപ്പോൾ സംശയം തോന്നിയ ചിലർ തടഞ്ഞുവച്ചു ചോദ്യം ചെയ്‌തപ്പോഴാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് പ്രതിയെ കൊല്ലം ഈസ്‌റ്ര് പൊലീസിന് കൈമാറി. സക്കീറിന് തൃശൂരിൽ വേറെ കേസില്ലെന്ന് പൊലീസ് പറഞ്ഞു.