police-

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുക്കാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന എ.എസ്.ഐയുടെ ഓഡിയോ വൈറലായി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണ് കൊല്ലത്തെ സ്വകാര്യ കമ്പനിയുടെ ലോറി വിട്ടുകൊടുക്കാൻ മാനേജിംഗ് പാർട്ണറോട് കൈക്കൂലി ആവശ്യപ്പെട്ട് പുലിവാൽ പിടിച്ചത്. എ.എസ്.ഐയുമായുള്ള ഫോൺ സംഭാഷണം റെക്കാഡ് ചെയ്ത കമ്പനി ഉടമകൾ അത് വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടറെ ബോദ്ധ്യപ്പെടുത്തിയതോടെ കേസ് അന്വേഷണം എ.എസ്.ഐയിൽ നിന്ന് മാറ്റി സംഭവം ഒതുക്കി. അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകി പൊലീസ് തടിയൂരിയെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടുള്ള ഓഡിയോ വൈറലായതോടെ സംഭവത്തെപ്പറ്റി പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി.

രണ്ടാഴ്ച മുമ്പ് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറി ബാങ്ക് ഓഫ് ബറോഡയുടെ വിഴിഞ്ഞം ശാഖയ്ക്ക് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട സംഭവത്തിലാണ് വാഹനം വിട്ടുനൽകാൻ എ.എസ്.ഐ കൈക്കൂലി ആവശ്യപ്പെട്ടത്. കമ്പനിയുടെ മാനേജിംഗ് പാർട്ണർമാരിൽ ഒരാളെ ഫോണിൽ ബന്ധപ്പെട്ടാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്.

ഫോൺ സംഭാഷണം ഇങ്ങനെ: 'വാഹനം ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഓണർ നിങ്ങളാണോ. ശ്യാം അല്ലേ, എന്നെ വിളിച്ചിരുന്നതല്ലേ'. എന്നുചോദിച്ച് ഉറപ്പാക്കിയശേഷം 'സ്റ്റേഷനിൽ തന്ന പേപ്പറിൽ മാനേജിംഗ് ഡയറക്ടറെന്നാണ് എഴുതിയിട്ടുള്ളത്, വാഹനം വിട്ടുതരാൻ ഓതറൈസേഷൻ ലെറ്റർ വാങ്ങണം'. കമ്പനിസംബന്ധമായ എഗ്രിമെന്റുണ്ടെന്ന് ഉടമ അറിയിച്ചതോടെ അതുമായി തന്നെ വിളിച്ചിട്ട് വന്നാൽ മതിയെന്ന് നിർദേശിച്ച എസ്.എസ്.ഐ പിന്നീടാണ് കൈക്കൂലി വിഷയത്തിലേക്ക് കടന്നത്. 'ഒരുലക്ഷം രൂപ ചെലവാകുന്ന കേസാണ്. ഒരുകുഴപ്പവുമില്ലാതെ കേസെടുത്ത് തന്നില്ലേ, അവനെയും രക്ഷിച്ചുതന്നില്ലേ. ഒരു ചെലവിമല്ലാതെ. നിങ്ങളോട് ഞാൻ പറഞ്ഞില്ലേ അവർക്ക് പണമൊന്നും കൊടുക്കേണ്ടിയിരുന്നില്ല' തുടർന്നാണ് 5000 രൂപ എ.എസ്.ഐ കൈക്കൂലി ചോദിച്ചത്. ഇതിന്റെ ഓഡിയോ ക്ളിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. അതോടെ ഇയാളെ കേസ് അന്വേഷണത്തിൽ നിന്ന് മാറ്റിയതായി പൊലീസ് പറയുന്നുണ്ടെങ്കിലും മറ്റ് അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് സൂചന.