-k-m-abhijith-sachin-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ കെ.എസ്.യു സമരം അവസാനിപ്പിച്ചോ? യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ച് എസ്.എഫ്.ഐയുടെ പ്രതികരണം എന്ത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവും. 'ഫ്ളാഷി'നോട് അവർ സംസാരിക്കുന്നു:

അതൊക്കെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകുംവരെ കെ.എസ്.യു സമരത്തിൽ നിന്ന് പിൻമാറില്ല. വധശ്രമക്കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലൊതുങ്ങുന്നതല്ല ഇവിടത്തെ വിഷയം. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും തൊഴിൽ രഹിതരെയും ബാധിക്കുന്ന ഗുരുതരമായ ക്രമക്കേടുകളിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണ് തുടർന്നുണ്ടായത്.

വ്യാപം പരീക്ഷാ ക്രമക്കേടിനെ വെല്ലുന്ന തിരിമറികളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണം. കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയതിലും മറ്റൊരു പ്രതിയായ നസീമും മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകനും റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട കാര്യത്തിലും ദുരൂഹതകളുണ്ട്. സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും കണ്ടെത്തിയത് നിസാരമായി കാണാവുന്ന കാര്യമല്ല. സംഭവത്തിന്റെ തുടക്കം മുതൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സമര രംഗത്തെത്തിയിട്ടും സർക്കാരിന് കുലുക്കമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം നടത്തി ജനങ്ങളെ കബളിപ്പിച്ചു. സംസ്ഥാന പൊലീസ് നടത്തിവരുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ് സി.ബി.ഐപോലുള്ള ഏജൻസികളെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കെ.എസ്.യു സമരം അവസാനിപ്പിച്ചെന്ന നിലയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഒന്നാംഘട്ട സമരത്തെ സർക്കാർ അവഗണിച്ചപ്പോഴാണ് നിരാഹാര സത്യാഗ്രഹമുൾപ്പെടെയുള്ള രണ്ടാംഘട്ടസമരത്തിലേക്ക് കെ.എസ്.യു കടന്നത്. കഴിഞ്ഞദിവസം സമരപ്പന്തലിന് നേരെ പൊലീസ് നടത്തിയ അക്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്. നാളെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി ചേ‌ർന്ന് തുടർ സമരപരിപാടികൾ ചർച്ച ചെയ്യും. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് ആരംഭിക്കാനായി.

കെ.എസ്.യു സമരത്തിന് കോൺഗ്രസിൽ നിന്ന് പിന്തുണയുണ്ടായില്ലെന്നത് ദുഷ്ടലാക്കോടെ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണമാണ്. യൂത്ത് കോൺഗ്രസ് കെ.എസ്.യു സമരം ഏറ്റെടുത്ത് കഴിഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പില ജില്ലകളിലും അനുഭാവ ധർണകളും പ്രകടനങ്ങളും നടന്നു. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കളുടെയും നിർലോഭമായ പിന്തുണയും സഹായവും കെ.എസ്.യുവിനുണ്ടായി. പെൺകുട്ടികളുൾപ്പെടെ സമരമുഖത്ത് സജീവമായിരുന്നു. രാഷ്ട്രീയത്തിലുപരി സമരത്തിന് സമൂഹത്തിന്റെ ഒന്നാകെയുള്ള പിന്തുണ ലഭിച്ചു.

കെ.എം അഭിജിത്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

ഞങ്ങൾ മാത്രമേ പാടുള്ളു എന്ന നയമില്ല

സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും എല്ലാ സംഘടനകൾക്കും പ്രവർ‌ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നതാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്. കാമ്പസുകളിൽ തങ്ങൾ മാത്രമേ പാടുള്ളുവെന്ന മുട്ടാളത്തം എസ്.എഫ്.ഐ നയമല്ല. എ.ഐ.എസ്.എഫുൾപ്പെടെ മുഴുവൻ സംഘടനകൾക്കും പ്രവർത്തിക്കാനുള്ള സാഹചര്യം കാമ്പസുകളിലുണ്ടാകണം. യൂണിവേഴ്സിറ്റി കോളേജിലെ നിർഭാഗ്യകരമായ സംഭവത്തിന്റെ പിന്നിൽ എസ്.എഫ്.ഐയെ പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് കാണാൻ കഴിഞ്ഞത്. മാദ്ധ്യമവേട്ട ഉൾപ്പെടെ നടത്തിയെങ്കിലും പൊതുസമൂഹം അത് തിരിച്ചറിയുകയും അർഹിക്കുന്ന അവ‌ജ്ഞയോടെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കാമ്പസുകളിൽ എസ്.എഫ്.ഐയില്ലാതാകുന്ന സാഹചര്യം വർഗീയ സംഘടനകളുടെ കടന്നുവരവിന് ഇടയാക്കുമെന്ന് കെ.എസ്.യുവും മറ്റ് പ്രസ്ഥാനങ്ങളും തിരിച്ചറിയണം.

യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് തുടങ്ങിയെങ്കിലും അത് പൊതുസമൂഹത്തിൽ അവരെ അപഹാസ്യമാക്കുകയാണ് ഉണ്ടായത്. കഴിഞ്ഞദിവസം വരെ നിഷ്പക്ഷനെന്ന നിലയിൽ ചാനലുകളിൽ അഭിപ്രായം പറഞ്ഞയാളെയാണ് ഇരുട്ടിവെളുത്തപ്പോൾ യൂണിറ്റ് പ്രസിഡന്റാക്കിയത്. യൂണിറ്റ് ഭാരവാഹിയായ ഇയാൾ നടത്തിയ ഫേസ് ബുക്ക് പോസ്റ്റ് പരിശോധിച്ചാൽ ഇയാളുടെ ബി.ജെ.പി - ആർ.എസ്.എസ് മനോഭാവം മനസിലാകും. യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തിന്റെ പേരിൽ തലസ്ഥാനത്ത് സമരാഭാസം നടത്തി ജനത്തെ ബുദ്ധിമുട്ടിച്ചവർ കഴിഞ്ഞ ദിവസം പൊടുന്നനെ സമരം പിൻവലിച്ച് അപ്രത്യക്ഷരായി. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നോ പൊതു സമൂഹത്തിൽ നിന്നോ സമരത്തിന് പിന്തുണയുണ്ടാകുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടശേഷം സമരം പിൻവലിച്ച് കെ.എസ്.യു നേതൃത്വം പിൻവാങ്ങിയത്.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഘടനാ തലത്തിൽ തികഞ്ഞ ജാഗ്രത പുലർത്തും. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കും. വ്യക്തിപരമായ പ്രശ്നങ്ങളാണ് യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങൾക്ക് അടിസ്ഥാനം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തും. എന്നാൽ ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ എസ്.എഫ്.ഐയെ മൊത്തത്തിൽ കരിതേയ്ക്കാനും ഇതാണ് എസ്.എഫ്.ഐയെന്ന് വരുത്താനുമാണ് ചിലർ ശ്രമിച്ചത്. തെറ്റായ കാര്യങ്ങളിൽ ഏർപ്പെടുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കും.

കെ.എം. സച്ചിൻദേവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി