bangles

അഹമ്മദാബാദ്: ഹോംവർക്ക് ചെയ്യാത്തതിന് ആൺകുട്ടികളെ വളയിടീപ്പിച്ച അദ്ധ്യാപകനെതിരെ പരാതി. മെഹസാന ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. മനുഭായ് പ്രജാപതി എന്ന അദ്ധ്യാപകനാണ് ശിക്ഷനടപ്പാക്കിയത്. ആറാംക്ളാസിലെ മൂന്ന് ആൺകുട്ടികളാണ് കുട്ടികളാണ് ഹോംവർക്ക് ചെയ്യാതെ വന്നത്.ഇതിന് കാരണം തിരക്കിയശേഷം ക്ളാസിലുണ്ടായിരുന്ന പെൺകുട്ടികളോട് ധരിച്ചിരിക്കുന്ന വളകൾ ഉൗരിനൽകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ക്ളാസിൽ എല്ലാവരുടെയും മുന്നിൽവച്ച് ഇൗ വളകൾ മൂവരെയും നിർബന്ധിപ്പിച്ച് ധരിപ്പിച്ചു. വളയിടുന്നതുകണ്ട് സഹപാഠികൾ ചിരിച്ചതോടെ മൂവരും ആകെ തകർന്ന അവസ്ഥയിലായി. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ സ്കൂളിൽപോകാൻ മടികാണിച്ചു. രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം ഒന്നും പറഞ്ഞില്ല. നിർബന്ധിച്ചതോടെ എല്ലാം തുറന്നുപറയുകയായിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതോടെ അധികൃതർ അന്വേഷണമാരംഭിച്ചു. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ അദ്ധ്യാപനോട് നിർബന്ധിത അവധി എടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.