pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: ബാങ്കുകളുടെ കുടിശിക തിരിച്ചുപിടിക്കാൻ അധോലോക സംഘങ്ങളെ ഏർപ്പാടാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇതിന് മാറ്രം വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർഫാസി ആക്ടുമായി ബന്ധപ്പെട്ട് ബാങ്കുകൾ കൈക്കൊള്ളുന്ന നടപടികൾ സാധാരണക്കാരെയും കർഷകരെയും ബുദ്ധിമുട്ടിക്കുന്നതാണ്. ഇതിന് മാറ്രം വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പൊതുനയത്തിന്റെ ഭാഗമായി ഇത് തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആൾ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാങ്ക് ദേശസാത്കരണത്തിന്റെ സുവർണജൂബിലി ആഘോഷം ബാങ്ക് എംപ്ളോയീസ് യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

2017-18 സാമ്പത്തികവർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ 88 ലക്ഷം കോടിയാണ് വായ്പയായി നൽകിയത്. ഇതിൽ 55 ശതമാനവും അഞ്ച് കോടിക്ക് മുകളിലുള്ള വായ്പകളാണ്. ഈ വായ്പയിൽ കിട്ടാക്കടം വരുത്തിയതിൽ 84 ശതമാനവും വലിയതുക വായ്പ എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ചെറുകിട വായ്പകൾ ലഭ്യമാവുന്ന തരത്തിൽ കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് വായ്പാ നയത്തിന് രൂപം നൽകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് അനിയൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബി. രാധാകൃഷ്ണമേനോൻ, എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ഡി. ജോസൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മാത്യുജോർജ് നന്ദിയും പറഞ്ഞു