തിരുവനന്തപുരം: പി.എസ്‌.സി പരീക്ഷാ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, പി.എസ്‌.സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കല്ലേറിനെ തുടർന്ന് പൊലീസ് ലാത്തിവീശി,​ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. അരമണിക്കൂറോളം നീണ്ട സംഘർഷത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സെക്രട്ടേറിയറ്റിന് മുന്നിലെ ഗതാഗതം നിശ്ചലമായി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ,​ സെക്രട്ടറി രാഗേന്ദു, സംസ്ഥാന സമിതി അംഗം വിഷ്‌ണു, ജില്ലാ പ്രസിഡന്റ് സി.ജി. മഞ്ജിത്ത്, സന്തോഷ് എന്നിവർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നിന് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റ് നടയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആദ്യം ചിതറിയോടിയ പ്രവർത്തകർ തിരികെ എത്തിയപ്പോൾ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് മാധവറാവു പ്രതിമയ്ക്ക് സമീപത്തേക്ക് ഓടിയ പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ആറ് തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. സമരക്കാർ പിന്തിരിയാതെ വന്നതോടെ ഒടുവിൽ പൊലീസ് ലാത്തിവീശുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ജില്ലാ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിന്ദു വലിയശാല, സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ, വൈസ് പ്രസിഡന്റുമാരായ ആഷിഷ്, അനുരാജ്, ആർ.എസ്. രാജീവ് ശ്രീരാജ്, ശ്രീവത്സം തുടങ്ങിയവർ പങ്കെടുത്തു.