തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തെ തുടർന്ന് ശംഖുംമുഖത്ത് കർക്കടകവാവ് ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ പറഞ്ഞു. ശംഖുംമുഖത്ത് കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ ബലിതർപ്പണച്ചടങ്ങുകൾ നടത്താനൊരുങ്ങുന്നവർ വർക്കല, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലോ ജില്ലയിലെ മറ്റു സ്‌നാനഘട്ടങ്ങളിലോ പോകാൻ തയ്യാറാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തീരത്തെ കല്ല് കെട്ടുകളടക്കം തകർന്നിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന കടവിലും അപകടാവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ മുൻനിറുത്തി ശംഖുംമുഖത്ത് ബലിതർപ്പണച്ചടങ്ങുകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറുടെ അഭ്യർത്ഥന. റവന്യൂ, ദേവസ്വം അധികൃതർക്കൊപ്പം ജില്ലാകളക്ടർ ഇന്നലെ ശംഖുംമുഖം തീരം സന്ദർശിച്ചു. ബലിതർപ്പണത്തിന് നൽകുന്ന പാസുകളിൽ ശംഖുംമുഖത്തെ അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കളക്ടർ നിർദ്ദേശം നൽകി. ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റ് ബലിതർപ്പണ കേന്ദ്രങ്ങളിൽ ചടങ്ങുകൾക്കെത്താൻ ഭക്തരെ പ്രേരിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു. ശംഖുംമുഖത്ത് ശക്തമായ സുരക്ഷയൊരുക്കാൻ പൊലീസിനോടും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ശംഖുംമുഖം സബ് ഡിവിഷൻ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ആർ. ഇളങ്കോ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ഡി.ടി.പി.സി സെക്രട്ടറി ബിന്ദു മണി, ദേവസ്വം ബോർഡ് ജീവനക്കാർ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. കടൽക്ഷോഭം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ ശംഖുംമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.