ബീജിംഗ്: പാതിരാത്രിയായപ്പോൾ പതിമൂന്നുകാരന് ഒന്ന് കറങ്ങാൻ മോഹം. നേരേ പുറത്തിറങ്ങി. ഒരു ചെറുവിമാനം തട്ടിയെടുത്തു. കിഴക്കൻചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലാണു സംഭവം. പറന്നുയരും മുമ്പ് വിമാനം തൊട്ടടുത്തുള്ള കൈവരിയിൽ ഇടിച്ചുനിന്നതിനാൽ വൻ അപടം ഒഴിവായി. വിമാനത്തിന് കാര്യമായ കേടുപാടുകളുണ്ട്. പയ്യനെ പിടികൂടി കനത്ത പിഴചുമത്തിയിട്ടുണ്ട്. പതിമൂന്ന്കാരന്റെ ധൈര്യം മനസിലാക്കിയ പൈലറ്റുമാർ അവന് സൗജന്യമായി പരിശീലനം നൽകാനും തീരുമാനിച്ചു.
ഹുഷു നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിൽ നിന്നാണ് വിമാനം അടിച്ചുമാറ്റിയിത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യം ചെറുവിമാനം പറത്താനാണ് ശ്രമിച്ചത്. അത് കൈവരിയിൽ ഇടിച്ചുനിന്നതോടെ രണ്ടാമത്തെ വിമാനത്തിൽ കയറി. കൗതുകം എന്താണെന്ന് വച്ചാൽ വിമാനം കുറച്ച് സമയം കുട്ടി ഗ്രൗണ്ടിലൂടെ ഓടിക്കുകയും ചെയ്തു.
ഒരു പരിശീലനവും ലഭിക്കാതെ തന്നെ വിമാനം പറത്തിയ കുട്ടിയെക്കണ്ട് പൈലറ്റുമാരുൾപ്പെടെ അന്തംവിട്ടു.ശേഷം വിമാനം ഉപേക്ഷിച്ച് പോയ കുട്ടി സി.സി.ടി.വിയിലാണ് കുടുങ്ങിയത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കുട്ടിയ്ക്ക് പരിക്കുകളൊന്നുമില്ല. അതേസമയം കുട്ടിയ്ക്ക് 8000യുവാൻ പിഴ ചുമത്തി.