തിരുവനന്തപുരം: പുതിയ നിർമ്മാണ രീതികളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും കരാറുകാർക്ക് അറിവ് പകരാൻ പൊതുമരാമത്ത് വകുപ്പ് 'കോൺട്രാക്ടേഴ്സ് അക്കാഡമി' സ്ഥാപിക്കുന്നു. രണ്ട് വർഷം മുമ്പ് മന്ത്രി ജി. സുധാകരൻ മുന്നോട്ടു വച്ച നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള പ്രാഥമിക നടപടികൾ ഉടൻ തുടങ്ങും.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഈ സർക്കാർ നടപ്പാക്കിയ 'പുതിയകാലം പുതിയ നിർമ്മാണം' എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് അക്കാഡമി. വൻകിട, ഇടത്തരം, ചെറുകിട വിഭാഗങ്ങളിലായി 6000 ത്തോളം കരാറുകാർക്കാണ് പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസ് ഉള്ളത്. ഇതിൽ വലിയ പ്രവൃത്തികൾ ഏറ്രെടുക്കുന്ന കരാറുകാരെയാവും ആദ്യഘട്ടത്തിൽ പരിശീലനപരിപാടിയിൽ ഉൾപ്പെടുത്തുക. ഇതിന്റെ മുന്നോടിയായി എൻജിനിയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ചതുപോലെ കോൺട്രാക്ടേഴ്സ് കോൺഗ്രസ് വിളിക്കും. ഇവിടെ പ്രാരംഭ ചർച്ചകൾ നടത്തിയ ശേഷം അക്കാഡമിയുടെ രൂപഘടനയും ബൈലായും തയ്യാറാക്കും. തുടർന്ന് അക്കാഡമി നടത്തിപ്പിനായി ഒരു കമ്മിറ്രിക്കു രൂപം നൽകും. ആസ്ഥാനം നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടാവും തീരുമാനിക്കുക. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറിയായിട്ടാണ് പൊതുമരാമത്ത് കരാറുകാർക്ക് ലൈസൻസ് നൽകുന്നത്. നിശ്ചിത പരിധിയില്ലാതെ ഏതു പ്രവൃത്തികളും ടെൻഡറെടുക്കാനുള്ളതാണ് എ ക്ളാസ് ലൈസൻസ്. 250 ലക്ഷം രൂപയുടെ വരെ പ്രവൃത്തികളാണ് ബി ക്ലാസ് കരാറുകാർക്ക് ഏറ്രെടുക്കാൻ കഴിയുക. സി ക്ളാസിന് ഇത് 50 ലക്ഷവും ഡി ക്ലാസിന് ആറു ലക്ഷവുമാണ് പരിധി.
അക്കാഡമിയുടെ ലക്ഷ്യം
*രാജ്യത്തും പുറത്തും ലഭ്യമായ ആധുനിക യന്ത്രസംവിധാനങ്ങളെക്കുറിച്ചും പുതിയ നിർമ്മാണ വിഭവങ്ങളെക്കുറിച്ചും അറിവ് പകരുക.
* ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുക, എൻജിനിയർമാരെപ്പോലെ പ്രവൃത്തി ഘട്ടങ്ങളെക്കുറിച്ച് കരാറുകാർക്കും ധാരണയുണ്ടാക്കുക.
എല്ലാ കരാറുകാരെയും ഉൾക്കൊള്ളിക്കാനായില്ലെങ്കിലും വലിയ പ്രവൃത്തികൾ ചെയ്യുന്നവർക്കും മതിയായ യന്ത്രസംവിധാനങ്ങളുള്ളവർക്കും ഇത് പ്രയോജനപ്പെടും. ഓരോ മേഖലയിലെയും വിദഗ്ദ്ധരെ പങ്കടുപ്പിച്ചാവും ക്ളാസുകൾ സംഘടിപ്പിക്കുക. നിർമ്മാണ മേഖല കൂടുതൽ കാര്യക്ഷമമാക്കുകയാണ് ആത്യന്തിക ലക്ഷ്യം.
ജി. സുധാകരൻ, പൊതുമരാമത്ത് മന്ത്രി