ആയുർവേദം ചികിത്സാ ശാസ്ത്രം എന്നതിലുപരി ആരോഗ്യശാസ്ത്രമാണ് .ആയുർവേദം അനുശാസിക്കുന്ന ജീവിതശൈലി ഋതുഭേദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആയുർവേദത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ശരീരത്തിന് ഏറ്റവും ആരോഗ്യപ്രദമായ അവസ്ഥ സ്വാഭാവികമായി ഉണ്ടാകുന്ന കാലം ശിശിരവും ഹേമന്തവുമാണ്. ശേഷിക്കുന്ന ഋതുക്കളിൽ ശരീരത്തിലെ വാത,പിത്ത,കഫ ദോഷങ്ങൾ ഏതെങ്കിലും അസ്വസ്ഥമായിരിക്കുന്ന സമയമാണ്. ഗ്രീഷ്മവും വർഷവും കഴിഞ്ഞ് വരുന്ന സമയമായതിനാൽ ശരീരത്തിലെ ദോഷങ്ങൾ വർദ്ധിച്ച് രോഗാവസ്ഥയ്ക്ക് പ്രാപ്തമായിരിക്കും ഈ സമയം. ശരീരത്തെ രോഗാവസ്ഥയിലേക്ക് നയിക്കാതിരിക്കാനുള്ള മാർഗമാണ് കർക്കടക ചികിത്സ. ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ സ്വീകരിക്കുന്നതാണ് ഉത്തമം. ചിട്ടയായ ഒരു ആയുർവേദചര്യ ഇവിടെ പ്രതിപാദിക്കാൻ സാധിക്കാത്തതിനാൽ വിശദാംശങ്ങളിലേക്ക് പോകാതെ ചില പൊതുവായ നിർദ്ദേശങ്ങൾ മാത്രം താഴെപ്പറയുന്നു.
ഗ്രീഷ്മകാലചര്യ
ചൂടുകാലമായതിനാൽ ആഹാരങ്ങൾ മധുരപ്രധാനമായിരിക്കും. എരിവ്, പുളി എന്നിവ പരമാവധി കുറയ്ക്കണം., കഴിവതും തണുത്തതും (ഫ്രിഡ്ജിൽ സൂക്ഷിച്ചവയല്ല) ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങൾ നെയ്യ് ചേർത്ത് കഴിക്കുന്നത് നല്ലതുമാണ്. വ്യായാമം കുറയ്ക്കണം. മദ്യം തീരെ ഉപേക്ഷിക്കണം . മധുര രസമുള്ള എല്ലാത്തരം ജ്യൂസുകളും ധാരാളം ഉപയോഗിക്കാം. തൈര് പഞ്ചസാര ചേർത്ത് ഉപയോഗിക്കണം. വെയിലത്ത് നിന്നുവന്നാൽ ഉടനെ എ.സിയിൽ പ്രവേശിക്കരുത്. അഥവാ വേണമെങ്കിൽ 27 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനില ഉപയോഗിക്കരുത്. പകൽ അല്പം ഉറങ്ങുന്നത് നല്ലതാണ്.
വർഷകാലചര്യ
പഴക്കം ചെയ്ത ഗോതമ്പ്, മാംസരസം, ആടിന്റെയും കോഴിയുടെയും മാംസം, ഉഴുന്നിന്റെയോ പയറിന്റെയോ രസം കുരുമുളക് ചേർത്ത് ഇവ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളമേ കുടിക്കാവൂ. ചവർപ്പും, പുളിയും ഉപ്പും എരിവും അധികമായി ഉപയോഗിക്കാവുന്ന കാലമാണ്. (ഇതിനെ അടിസ്ഥാനമാക്കിയാണ് കർക്കടകക്കഞ്ഞിയുടെ ഉപയോഗം പ്രാബല്യത്തിൽ വന്നത്)
ശീതകാലചര്യ
വ്യായാമം, തിരുമ്മൽ ചികിത്സ ഇവ നല്ലതാണ്. പഴകിയ ഗോതമ്പ്, ശൂലത്തിൽ കോർത്ത് വേവിച്ച മാംസം ഇവ നല്ലതാണ്. ആസവം, അരിഷ്ടം, മദ്യം ഇവ അൽപ്പമായി ഉപയോഗിക്കാം. ചവർപ്പ്, പുളി, എരിവ് ഈ രസങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ആഹാരം തയാറാക്കണം. പകലുറക്കം നല്ലതല്ല. ചെന്നല്ലരി ചോറ് നല്ലതാണ്. കാലാനുസൃതമായ ആഹാരരീതിയും ചിട്ടയായ ജീവിതശൈലിയും ശീലിക്കുകയും 35 വയസാകുമ്പോൾ മുതൽ ക്രമമായ പഞ്ചകർമ്മ ചികിത്സകൾ ചെയ്ത ശേഷം രസായന പ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിക്ക് 100 വയസിന് മേൽ ആയുസും ആരോഗ്യവും ഉണ്ടാകും എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ചുരുക്കത്തിൽ ചിട്ടയായ ആഹാരരീതിയും മുറയായ വ്യായാമവും കാലാകാലങ്ങളിൽ ശരീരത്തെ ശുദ്ധി ചെയ്യുന്ന പഞ്ചകർമ്മ ചികിത്സയും തുടർന്നുള്ള രസായനവും ശീലിക്കുന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തോടെ ആയുസ് വർദ്ധിപ്പിക്കാം.
( ലേഖകൻ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് .)