സാമൂഹികവും ജാതിപരവുമായ കാരണങ്ങളാൽ നൂറ്റാണ്ടുകളായി പിന്നാക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന സംവരണ വ്യവസ്ഥകൾ ഇപ്പോഴും ലക്ഷ്യത്തിൽ നിന്ന് ഏറെ അകന്നു മാറിയാണ് നില്പ്. സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടയ്ക്കിടെ പുറത്തുവിടുന്ന കണക്കുകൾ പരിശോധിച്ചാൽ ഇത് ബോദ്ധ്യമാകും. ജനസംഖ്യയിൽ അൻപതു ശതമാനത്തിലേറെ വരും മറ്റു പിന്നാക്കക്കാർ. മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പായതോടെ ഒ.ബി.സി വിഭാഗക്കാർക്ക് കേന്ദ്ര സർവീസ് നിയമനങ്ങളിൽ 27 ശതമാനത്തിന് അർഹതയുണ്ട്. എന്നാൽ ലോക്സഭയിൽ രണ്ടു ദിവസം മുൻപ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കേന്ദ്ര സർവീസിൽ ഒ.ബി.സി പ്രാതിനിദ്ധ്യം 2016-ലെ കണക്കനുസരിച്ച് 21 ശതമാനം മാത്രമാണ്. തുടർന്നുള്ള രണ്ടുവർഷത്തെ കണക്ക് നൽകാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. 1993 മുതലാണ് മണ്ഡൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സംവരണ വ്യവസ്ഥകൾ കേന്ദ്രം നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതൽ നടക്കുന്ന നിയമനങ്ങളിൽ ഒ.ബി.സിക്കാർക്ക് 27 ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് ആനുകൂല്യം കിട്ടാതെ പോകുന്നു.
സംവരണ ഒഴിവുകൾ നികത്തുന്നതിൽ പണ്ടേപോലെ ഇപ്പോഴും കേന്ദ്ര സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എൺപതോളം കേന്ദ്ര മന്ത്രാലയങ്ങൾക്കു കീഴിൽ വരുന്ന വകുപ്പുകളിലെ ഭൂരിഭാഗം തസ്തികകളിലും ജനസംഖ്യയിൽ 26 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗക്കാരാണ് നിയമിതരായിട്ടുള്ളത്. ഒ.ബി.സിക്കാരെ അപേക്ഷിച്ച് പട്ടികജാതി - പട്ടിക വിഭാഗങ്ങളുടെ സ്ഥിതി താരതമ്യേന മെച്ചമാണ്. അവർക്ക് അർഹമായതിലേറെയും നിയമനങ്ങൾ ലഭിച്ചതായാണ് പട്ടികയിൽ കാണുന്നത്. എന്നാൽ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങൾക്കുള്ള പ്രാതിനിദ്ധ്യം ഇപ്പോഴും 21 ശതമാനത്തിനപ്പുറം ഉയർന്നിട്ടില്ലെന്നത് വലിയ വിവേചനവും നീതികേടുമായി നിലനിൽക്കുന്നു. കേന്ദ്ര സർവീസിലും കേന്ദ്ര സർവകലാശാലകളിലും സംവരണം ബാധകമായ മറ്റു സ്ഥാപനങ്ങളിലും വൻ തോതിലാണ് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. ഒ.ബി.സി പ്രാതിനിദ്ധ്യക്കുറവിന് നിയമന നിരോധനവും വലിയ തോതിൽ കാരണമാണ്. കേന്ദ്ര സർവീസിൽ ആറുലക്ഷത്തോളം തസ്തികകളിൽ നിയമനം നടത്താതെ അധികാരികൾ ഒളിച്ചുകളി തുടരുമ്പോൾ സംവരണാനുകൂല്യമാണ് അട്ടിമറിക്കപ്പെടുന്നത്. ഒ.ബി.സിക്കാരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കാൻ പാർലമെന്റ് സമിതികളെ നിയോഗിക്കാറുണ്ട്. അവ യഥാകാലം റിപ്പോർട്ട് സമർപ്പിക്കാറുമുണ്ട്. എന്നാൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കാറുള്ള കുറ്റങ്ങളും കുറവുകളും പരിഹരിക്കുന്നതിൽ കേന്ദ്രം അത്ര വലിയ താത്പര്യമൊന്നും കാണിക്കാറില്ല. കേന്ദ്ര സർവീസിലെ തൊണ്ണൂറു ശതമാനംം ജീവനക്കാരെയും ഉൾക്കൊള്ളുന്ന പത്തു പ്രധാന വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ തസ്തികകൾ ഒൻപതിനായിരത്തിലധികമാണ്. ഒ.ബി.സിക്കാർ മാത്രമല്ല ഇവിടെ അവഗണിക്കപ്പെടുന്നത്. പട്ടികജാതി - പട്ടികവർഗ്ഗക്കാർക്കും അർഹതപ്പെട്ട തോതിൽ സംവരണാനുകൂല്യം ലഭിക്കാറില്ലെന്നതിന് കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ച പട്ടിക തന്നെ തെളിവാണ്. തപാൽ, പ്രതിരോധ ഉത്പാദനം, ഭവന നിർമ്മാണം, ബാങ്കുകൾ, ആണവോർജം തുടങ്ങിയ വകുപ്പുകളിൽ ആയിരക്കണക്കിന് സംവരണ തസ്തികകൾ നികത്തപ്പെടാറില്ല. പട്ടികജാതിക്കാർക്ക് അർഹതപ്പെട്ട 3018 തസ്തികകളാണ് ഇതിലുള്ളത്. ഒ.ബി.സിക്കാർക്ക് അർഹമായ 2855 തസ്തികകളും പട്ടിക വർഗക്കാർക്കുള്ള 3292 തസ്തികകളും ഇതിൽ ഉൾപ്പെടും. സംവരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചോദ്യം വന്നപ്പോൾ അയഥാർത്ഥമായ കണക്കുകൾ നിരത്തി സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്. പഴയ കണക്കുകാട്ടി ഇപ്പോൾ സ്ഥിതി ഏറെ മെച്ചപ്പെട്ടു എന്നു വരുത്തിത്തീർക്കുകയായിരുന്നു. 2012ൽ ഒ.ബി.സി സംവരണം 16.55 ശതമാനം മാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് 21 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെയാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ നിയമപ്രകാരം 27 ശതമാനം സംവരണത്തിന് ഒ.ബി.സി വിഭാഗക്കാർക്ക് അർഹത ഉള്ളപ്പോഴാണ് ഇത്രയും കുറവെന്ന വസ്തുത മന്ത്രി മറന്നു.
കേന്ദ്ര സർവകലാശാലകളിലെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് അവിടങ്ങളിലെ സംവരണ തസ്തികകൾ പരിശോധിച്ചാൽ ബോദ്ധ്യമാകും. 34 കേന്ദ്ര സർവകലാശാലകളിൽ 1185 ഒ.ബി.സി സംവരണ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അനദ്ധ്യാപക തസ്തികളിലാകട്ടെ 2553 എണ്ണം സംവരണ സമുദായക്കാരെ കാത്ത് ഒഴിഞ്ഞു കിടക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ ഒ.ബി.സിക്കു അർഹതപ്പെട്ട ഏഴ് അദ്ധ്യാപക തസ്തികകളും പത്ത് അനദ്ധ്യാപക തസ്തികകളും നികത്തപ്പെടാതെ കിടക്കുകയാണ്. വൻ തോതിൽ തസ്തികകൾ ഒഴിഞ്ഞു കിടന്നാലും നിയമനങ്ങൾ നടക്കാത്തതും സംവരണ വ്യവസ്ഥകൾ അട്ടിമറിക്കപ്പെടുന്നതുമാണ് സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിനയാകുന്നത്. കാലാകാലങ്ങളായി നടന്നുവരുന്ന ഈ അനീതി ചോദ്യം ചെയ്യാനോ നിയമപരമായി അർഹതപ്പെട്ട അവകാശം ബലമായി പിടിച്ചു വാങ്ങാനോ അധികമാരും മുന്നോട്ടുവരാത്തത് സർക്കാരിനും അനുഗ്രഹമാവുകയാണ്.
സംവരണ വിഷയത്തിൽ ഏറെ ബോധവാന്മാരുള്ള കേരളത്തിൽപ്പോലും ഇത്തരം വിഷയങ്ങളിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ തുറന്നു കാട്ടുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശം. പത്തുവർഷത്തിലൊരിക്കൽ സംവരണ സമുദായ പട്ടിക പുതുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വരുത്തിയ ഗുരുതരമായ വീഴ്ചയെക്കുറിച്ചാണ് ഹൈക്കോടതി പരാമർശിച്ചത്. പട്ടിക പുതുക്കണമെങ്കിൽ സാമൂഹിക സാമ്പത്തിക - സമുദായ സർവേ നടത്തേണ്ടതുണ്ട്. അതിനു നടപടി എടുത്തിട്ടില്ല. ആവലാതിക്കാർ കേസുമായി കോടതിയിലെത്തുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ജനശ്രദ്ധയിൽപ്പെടുന്നത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ പോലും ഉദാസീനതമൂലം വൈകുന്നുവെന്നാൽ നീതി എങ്ങനെ ഉറപ്പാക്കാനാകും?