തിരുവനന്തപുരം: 2018ലെ പുതുക്കിയ യു.ജി.സി ചട്ടം വകവയ്ക്കാതെ കേരള സർവകലാശാല നടത്തുന്ന അദ്ധ്യാപക നിയമനം വിവാദത്തിലേക്ക്. എട്ട് വർഷം മുൻപുള്ള ചട്ടപ്രകാരമാണ് പുതിയ നിയമനം.
എഡ്യൂക്കേഷൻ, ഒപ്ടോ ഇലക്ട്രോണിക്സ്, ഫ്യൂച്ചർ സ്റ്റഡീസ്, മ്യൂസിക് വിഭാഗങ്ങളിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്കാണ് 2010ലെ യു.ജി.സി ചട്ടപ്രകാരം നിയമനം നടത്തുന്നത്. എന്നാൽ, ജേർണലുകളിലെ പബ്ലിക്കേഷനുകൾക്കടക്കം 2018ലെ ചട്ടമാണ് ബാധകമാക്കിയിട്ടുള്ളത്. 2018ലെ ചട്ടത്തിൽ ലഘൂകരിച്ച വ്യവസ്ഥകളുള്ളതിനാൽ കൂടുതൽ പേർക്ക് അപേക്ഷിക്കാനാവുമായിരുന്നുവെന്ന് അദ്ധ്യാപകർ പറയുന്നു.
പുതിയ ചട്ടം ബാധകമാക്കാത്തത് എഡ്യൂക്കേഷൻ വിഭാഗത്തിലുള്ള അദ്ധ്യാപകർക്കാണ് കൂടുതൽ തിരിച്ചടിയായത്. 2010ലെ ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറാവാൻ എട്ട്വർഷത്തെ അദ്ധ്യാപന പരിചയം വേണം. ഇതിൽ മൂന്ന് വർഷം പി.ജി തലത്തിലെ (എം.എഡ്) പരിചയമായിരിക്കണം. പ്രൊഫസറാവാൻ പി.ജി തലത്തിൽ അഞ്ച് വർഷത്തേതടക്കം മൊത്തം പത്ത്വർഷത്തെ അദ്ധ്യാപന പരിചയമുണ്ടായിരിക്കണം. 2018ലെ യു.ജി.സി ചട്ടത്തിൽ ഇതിന് ഇളവുകളുണ്ട്. മറ്റ് വിഭാഗങ്ങളിലെപ്പോലെ അസോസിയേറ്റ് പ്രൊഫസർക്ക് എട്ട് വർഷവും പ്രൊഫസർക്ക് പത്ത് വർഷവും മൊത്തം അദ്ധ്യാപന പരിചയം മതി. സർവകലാശാലാ വകുപ്പുകളിലും ഗവ. ട്രെയിനിംഗ് കോളേജുകളിലും മാത്രമാണ് എം.എഡ് കോഴ്സുള്ളത്. ഗവ. കോളേജുകളിൽ ബി.എഡിനും എം.എഡിനും വെവ്വേറെ അദ്ധ്യാപകരായിരുന്നു. ഒരേ യോഗ്യതയുണ്ടെങ്കിലും എല്ലാവരെയും രണ്ടു കോഴ്സും പഠിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. എല്ലാ അദ്ധ്യാപകർക്കും രണ്ടു കോഴ്സും പഠിപ്പിക്കാൻ അനുമതി കിട്ടിയത് മൂന്നുവർഷം മുമ്പ് മാത്രമാണ്. അതിനാൽ ഭൂരിഭാഗം അദ്ധ്യാപകർക്കും പി.ജി തലത്തിലെ അദ്ധ്യാപന പരിചയം കുറവാണ്.
പുതിയ യു.ജി.സി ചട്ടപ്രകാരം നിയമനം നടത്തിയെങ്കിൽ ഗവ.ട്രെയിനിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് അപേക്ഷിക്കാമായിരുന്നു. ഇവരിൽ മിക്കവർക്കും വർഷങ്ങളായി റിസർച്ച് ഗൈഡുമാരുമാണ്.
കാസർകോട് കേന്ദ്രസർവകലാശാലയിലും ഡൽഹി സർവകലാശാലയിലും 2018ലെ ചട്ടപ്രകാരമാണ് അദ്ധ്യാപകനിയമനത്തിന് വിജ്ഞാപനമിറക്കിയത്.
നേരത്തേ വൈസ്ചാൻസലറായിരുന്ന ഡോ.പി.കെ.രാധാകൃഷ്‌ണനാണ് 2013ലെ സർവകലാശാലാ നിയമഭേദഗതി പ്രകാരം എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ ഒറ്റ യൂണിറ്റാക്കി പ്രൊഫസർ, അസോ. പ്രൊഫസർ, അസി.പ്രൊഫസർ തുടങ്ങിയ 105 തസ്തികകളിലേക്ക് നിയമന നടപടികൾ തുടങ്ങിയത്. ഇതിൽ 57എണ്ണം സംവരണ വിഭാഗത്തിലാക്കി വിജ്ഞാപനം ഇറക്കി. എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ ഒറ്റ യൂണിറ്റാക്കി സംവരണം പാലിച്ച് നിയമനം നടത്തുന്നതിനെതിരെ കേസുകളുണ്ടായതോടെ നിയമനം തടസപ്പെട്ടിരുന്നു. നിയമതടസങ്ങൾ മറികടന്നാണ് കഴിഞ്ഞ ജൂണിൽ പുതിയ വിജ്ഞാപനമിറക്കിയത്.
പുതിയനിയമനങ്ങൾ
ഇങ്ങനെ
എഡ്യൂക്കേഷൻ വകുപ്പിൽ ഓരോ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, ഫ്യൂച്ചർ സ്റ്റഡീസ് വകുപ്പിൽ ഒരു അസോസിയറ്റ് പ്രൊഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ ഒരു അസി.പ്രൊഫസർ, ഒപ്ടോ ഇലക്ട്രോണിക്സ് വകുപ്പിൽ ഒരു പ്രൊഫസർ, മ്യൂസിക് വകുപ്പിൽ ഓരോ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ
''ഡോ.പി.കെ.രാധാകൃഷ്‌ണൻ വൈസ്ചാൻസലറായിരുന്നപ്പോൾ തുടങ്ങിവച്ച നിയമന നടപടികൾ തുടരുകയാണ്. അന്നത്തെ പൂളിംഗ് മാറ്റിയാൽ നിയമനം താളം തെറ്റും. ഇനിയുള്ള നിയമനങ്ങൾ 2018ലെ യു.ജി.സി ചട്ടപ്രകാരം നടത്തും.''
-ഡോ.വി.പി.മഹാദേവൻപിള്ള
വൈസ്ചാൻസലർ