sreedharan-pillai

തിരുവനന്തപുരം: പോക്കറ്റടിച്ച ശേഷം ജനക്കൂട്ടത്തിൽ കയറി പോക്കറ്റടിച്ചെന്ന് വിളിച്ച് പറഞ്ഞ് രക്ഷപ്പെടുന്ന തരംതാണ പണിയാണ് കേരളത്തിലെ ആക്രമണങ്ങളിൽ സി.പി.എം സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനം തിരിച്ചറിഞ്ഞ് തുടങ്ങിയ ഈ പ്രഹസനം സി.പി.എം അവസാനിപ്പിക്കണം. കൊടുംപാതകം ചെയ്‌തശേഷം കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് ഇരകൾക്കായി മുതലക്കണ്ണീരൊഴുക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന ഹീനമായ നയം തലശേരിയിലെ ഫസൽവധം തൊട്ട് സി.പി.എം പിന്തുടരുകയാണ്. ആന്തൂർ, സി.ഒ.ടി. നസീർ വധശ്രമം, യൂണിവേഴ്‌സിറ്റി കോളേജിലെ അഖിൽ വധശ്രമം എന്നിവ ഇതിൽ ഒടുവിലത്തേതാണ്.
യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതിനെക്കുറിച്ചോ പി.എസ്.സി പരീക്ഷയിൽ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികൾ ഉയർന്ന റാങ്ക് നേടിയതിനെക്കുറിച്ചോ മുഖ്യമന്ത്രി മിണ്ടുന്നില്ല. ശബരിമല വിഷയത്തിലെന്ന പോലെ പാതിവഴിയിൽ പ്രക്ഷോഭം ഉപേക്ഷിക്കുന്ന നടപടിയാണ് കോൺഗ്രസിന്റേത്. 26ന് എൻ.ഡി.എ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും ശ്രീധരൻപിള്ള അറിയിച്ചു.