നേമം: ഒരുകാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ചുവട് പിടിച്ച് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ നിറഞ്ഞുനിന്ന കാവുകൾ ഇന്ന് അന്യമാവുകയാണ്. എങ്കിലും നേമത്തിന് സമീപം കരുമം-തിരുവല്ലം റോഡിന് വക്കിൽ നിലകൊള്ളുന്ന പടുകൂറ്റൻ സർപ്പക്കാവ് ഏവരിലും കൗതുകമുണർത്തുന്ന ഒന്നാണ്. രാജ്യത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നു വെള്ളായണി കായലിൽ എത്തിച്ചേരുന്ന നൂറ് കണക്കിന് അപൂർവങ്ങളായ ദേശാടന പക്ഷികൾ ചേക്കേറുന്ന കാഴ്ച കാണികളിൽ കൗതുകമുണർത്തുകയാണ്. ഇതിനു സമീപത്തായി ചെറുതും വലുതുമായ മറ്റു നിരവധി കാവുകളും കാണാം. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് താളം തെറ്റാതെ സംരക്ഷിച്ചു വന്നിരുന്ന ഇത്തരം സർപ്പക്കാവുകൾ നാശത്തിന്റെ പടവുകളേറാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും തണലും സംരക്ഷണവും നൽകുന്നതോടൊപ്പം കാവുകൾ പ്രകൃതിക്ക് നൽകുന്ന സംഭാവനകൾ ഏറെയാണ്. ആഗോളതാപനം ഇന്ന് വലിയ വെല്ലുവിളിയായി മാറുന്ന ഈ സാഹചര്യത്തിൽ കാവുകളുടെ മേന്മകൾ നാം പഠനവിഷയമാക്കേണ്ടത് അത്യാവശ്യമാണ്. പഴമക്കാർ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് നാം പുരോഗതിയുടെ പാതയിലേക്കുള്ള പ്രയാണത്തിൽ നാട്ടിൻപുറങ്ങളുടെ സകല നന്മകളും വിസ്മരിക്കുകയാണ്.
കാവുകൾ
ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്. ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്.കാവുകൾ ജൈവവൈവിദ്ധ്യം ഏറെയുള്ള ജീൻകലവറയാണ്.
മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം,വങ്കോട്ട,ഇലവംഗ,വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും
അല്പം ചരിത്രം
പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം.ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ.കേരളത്തിലെ പ്രാചീന ദേവതകളായ കാളി.വേട്ടയ്ക്കൊരുമകൻ,കരിങ്കാളി,നാഗം,ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ.
അല്പം ശാസ്ത്രം
കാവുകൾക്ക് പിന്നിൽ മറ്റു ചില ശാസ്ത്രവശങ്ങൾ കൂടിയുണ്ട്. കാലാകാലങ്ങളായി സംരക്ഷിച്ചുവരുന്ന ഇത്തരം കാവുകൾ ഔഷധ സസ്യങ്ങളുടെ കലവറകളാണ്. വ്യത്യസത വിഭാഗങ്ങളിൽപ്പെട്ട ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ കാണാം.കൂടാതെ കൃഷി വയലിനോട് ചേർന്ന് കാണുന്ന കാവുകൾ ഇത്തരം വയലുകളിലേക്കുള്ള ജലം അരിച്ചിറങ്ങൽ പ്രക്രിയയെ ത്വരിത്തപ്പെടുത്തുന്നവയാണെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആൽ, അരയാൽ എന്നീ മരങ്ങൾ ധാരാളമായി കാണുന്ന കാവുകൾ അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ വരെ പ്രാപ്ത്തമാണ്. കാവുകളോട് ചേർന്ന പ്രദേശങ്ങളി്‍ൽ മറ്റു പ്രദേശങ്ങളിലേക്കാൾ നീരുറവകൾ ദൃശ്യമാണെന്നും, ഇവ മറ്റുള്ളവയേക്കാൾ സമൃതമാണെന്നും ജെ ആർ ഫ്രീമാൻ തന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാവുകളുടെ സംഭാവന
അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്ന കാര്യത്തിൽ കാവുകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. വംശനാശം സംഭവിക്കുകയും വെട്ടി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മരങ്ങളിൽ ഏറെയും ഇപ്പോഴും കാണപ്പെടുന്നത് കാവുകളിൽ തന്നെയാണ്. വിവിധയിനം ഒൗഷധ സസ്യങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും അപൂർവങ്ങളായ ദേശാടന പക്ഷികളുടെയും ആവാസ കേന്ദ്രവും ഇത്തരം കാവുകൾ തന്നെയാണ്. സമീപത്തുള്ള നീരുറവകളെ സംരക്ഷിക്കുന്നതിനും അവയുടെ നിലനില്പിനും കാവുകൾ ഏറെ സഹായകമാണ്.
നിയമം
നിലവിൽ കാവുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ മരങ്ങൾ നശിപ്പിക്കാനോ വനംവകുപ്പ് അനുവദിക്കില്ല. കൂടുതൽ ഒൗഷധ സസ്യങ്ങൾ നട്ടു വളർത്തുന്നതോടൊപ്പം കാവ് നിലനിൽക്കുന്ന സ്ഥലത്തെ വിസ്തൃതി, മരങ്ങൾ, ജീവജാലങ്ങൾ എന്നിവയുടെ കണക്കുകളും വ്യക്തമായി രേഖപ്പെടുത്തണം.
വനം വകുപ്പിന്റെ സംരക്ഷണയിലുള്ളത്: 2000കാവുകൾ
ഇന്ത്യയിലൊട്ടാകെ:14000 കാവുകൾ
ഫോട്ടോ: നേമത്തിന് സമീപം കരുമം-തിരുവല്ലം റോഡിൽ നിലകൊള്ളുന്ന കാവുകളിലൊന്ന്