ആറ്റിങ്ങൽ: ഗതാഗതകുരുക്കിൽ നിന്നും ആറ്റിങ്ങൽ നഗരത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച മാമത്തെ സ്വകാര്യബസ് സ്റ്റാൻഡ് വെറുംവാക്കായി. താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്കും മറ്ര് ജില്ലയിലേക്കും സർവീസ് നടത്തുന്ന ബസുകൾക്കായി നഗരമദ്ധ്യത്തിലാണ് നിലവിൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. രണ്ടും മൂന്നും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഷെഡ്യൂളുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൃത്യസമയത്ത് ഓടിയെത്തേണ്ടി വരുന്നതിനാൽ ബസുകൾ തിരക്കുകൂട്ടുന്നതാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്. സ്വകാര്യ ബസുകളുടെ അമിതവേഗം കാരണം ആറ്റിങ്ങൽ പട്ടണത്തിൽ ദിവസവും രണ്ടും മൂന്നും അപകടങ്ങൾ നടക്കാറുണ്ട്. താലൂക്ക് ആസ്ഥാനമായ ആറ്റിങ്ങൽ നഗരത്തിലെത്തുന്നവർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതിനാൽ നിലവിലെ ബസ് സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് 13വർഷം മുമ്പ് മാമത്ത് സ്റ്റാൻഡ് ആരംഭിക്കുമെന്ന പ്രഖ്യപനമുണ്ടായത്. ലക്ഷക്കണക്കിന് രൂപ ചെലവിൽ മാമത്ത് സ്വകാര്യ ബസ് സ്റ്റാൻഡിനുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ മാമത്ത് ബസ് സ്റ്റാൻഡിനായി തയ്യാറാക്കിയ ഭൂമി സംബന്ധിച്ച് ചിലർ അവകാശവാദം ഉന്നയിച്ച് കേസ് നൽകിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കേസിൽ വിധി നഗരസഭയ്ക്ക് എതിരായി. എന്നാൽ ഇവിടെ സർക്കസ്, നാടകം, സമ്മേളനങ്ങൾ, ഫെസ്റ്റുകൾ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ നടത്തുന്നതിന് അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.