നെയ്യാറ്റിൻകര: അരുവിപ്പുറത്ത് ഈ മാസം 31 ന് നടക്കുന്ന കർക്കടക വാവ് പിതൃബലിതർപ്പണത്തിന് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് അരുവിപ്പുറം മഠത്തിൽ കർക്കടക വാവ് പിതൃതർപ്പണത്തിന് വേണ്ടിയുള്ള ആലോചനായോഗം നടന്നു. തലേ ദിവസം മുതൽ ക്ഷേത്രാങ്കണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, ഫയർ ഫോഴ്സ്, എക്സൈസ്, റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ പൊലീസ് പട്രോളിംഗും ഉൾപ്പെടെയുള്ള ഒരുക്കങ്ങളാണ് ഇത്തവണ. ബലിതർപ്പണ ദിവസം സുരക്ഷാ ക്രമീകരണത്തിനായി അരുവിപ്പുറം മഠത്തിനകത്തും കൊടിതൂക്കി മലയിലും വനിത പൊലീസ് ഉൾപ്പെടെ 350 പൊലീസ് സേനയെ വിന്യസിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ആംബുലൻസ് സർവീസും അലോപ്പതി, ആയുർവേദം, ഹോമിയോ ഡിസ്‌പെൻസറികളും പ്രവർത്തിക്കും.
ബസ് സൗകര്യം
ബലിതർപ്പണത്തിനെത്തുന്നവർക്ക് വേണ്ട യാത്രാ സൗകര്യമൊരുക്കാൻ തലേ ദിവസം മുതൽ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നു അരുവിപ്പുറത്തേക്ക് സ്പെഷ്യൽ സർവീസ് നടത്തും.
ലൈറ്റുകൾ സ്ഥാപിക്കും
ബലിതർപ്പണ കടവുകളിലും അരുവിപ്പുറം പരിസരത്തും നിലവിലെ ലൈറ്റുകളുടെ കേടുപാടുകൾ തീർക്കാനും വേണ്ടത്ര പുതിയ ലൈറ്റുകൾ സ്ഥാപിക്കാനും കെ.എസ്.ഇ.ബി തീരുമാനമായി. അരുവിപ്പുറം മഠത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മരാമത്ത് ജോലികളും വേഗത്തിൽ തീർക്കും.
ശുദ്ധജല സൗകര്യം
ബലിതർപ്പണത്തിനെത്തുന്നവർക്ക് വേണ്ട ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. ബലിതർപ്പണ കടവുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് റോപ്പുകൾ സ്ഥാപിച്ചും ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കിയും ഫയർഫോഴ്സും രംഗത്തുണ്ടാകും.
മഠത്തിലും പരിസരത്തും കച്ചവട സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പിന്റെയും പരിശോധനകൾ കർശനമാക്കും. ബലിതർപ്പണ ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര നഗരസഭയും പെരുങ്കടവിള പഞ്ചായത്ത് അധികൃതരും നേതൃത്വം നൽകും. തിരക്ക് പരിഗണിച്ച് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ പ്രത്യേക പാർക്കിംഗ് സൗകര്യവും വൺവേ ക്രമീകരണങ്ങളുമുണ്ടാകും. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹനകുമാർ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല മേധാവികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.