ആറ്റിങ്ങൽ: പൊതുനിരത്തിൽ കക്കൂസ് മാലീന്യം നിക്ഷേപിക്കുന്നത് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നു. ആറ്റിങ്ങൽ മാമം പഴയ പാലം റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞത്. വെളുപ്പിന് നടക്കാനിറങ്ങിയ നാട്ടുകാർ ദുർഗന്ധം സഹിക്കവ്യയാതെ പരിശോധിച്ചപ്പോഴാണ് മാലിന്യ നിക്ഷേപം കണ്ടത്. കഴിഞ്ഞ മാസവും ഇതുപോലെ രണ്ടുതവണ മാലിന്യ നിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് വലിയ ദുർഗന്ധം ഇല്ലാതിരുന്നതിനാൽ ആരും പ്രതികരിച്ചില്ല. നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകി.
ആറ്റിങ്ങൽ നഗരസഭ പ്രദേശത്ത് ഇടറോഡുകളിൽ കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. മുൻപ് ഓടയിലാണ് മാലിന്യ നിക്ഷേപം നടത്തിയിരുന്നത്. നിറയുന്ന കക്കൂസുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാറെടുക്കുന്നവർ അത് ശേഖരിച്ച് രാത്രിയിൽ ആളൊഴിഞ്ഞ റോഡിൽ ഒഴിക്കുകയാണ്. മുൻകാലങ്ങളിൽ ഇത് വാമനപുരം നദിയിലും മാമം നദിയിലുമാണ് ഒഴുക്കിയിരുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ സ്ഥാപനങ്ങളിൽ സി.സി.ടിവി സ്ഥാപിച്ചതോടെ അതിന് സാധിക്കാതെയായി. അടിയന്തരമായി ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.