police

തിരുവനന്തപുരം: കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ പൊലീസ് നടപടിയെടുക്കാത്തതിന് സമരംചെയ്ത ഭരണകക്ഷി എം.എൽ.എയുടെ കൈ അടിച്ചൊടിച്ച് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി, പൊലീസ്.

എറണാകുളം ജില്ലയിലെ ജനപ്രതിനിധിയെ പൊലീസ് തല്ലിച്ചതച്ചത് വിശദീകരിക്കാനാവാതെ വലയുകയാണ് പൊലീസ് നേതൃത്വം. പൊലീസ് നടപടികൾ മര്യാദയും മാന്യതയുമുള്ളതായിരിക്കണമെന്ന് മേധാവി മുതൽ എസ്.ഐമാർ വരെയുള്ളവരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ട് ഒരാഴ്ച തികയും മുൻപാണ് കൊച്ചിയിൽ ഭരണകക്ഷി എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയൊടിച്ചത്.

സർക്കാരിന്റെ പിടി അയഞ്ഞതോടെ, 'ആക്‌ഷ‌ൻഹീറോമാരായി' മാറിയിരിക്കുകയാണ് പൊലീസ്. പൊലീസ് നേതൃത്വത്തിന് താഴേതട്ടിൽ നിയന്ത്രണമില്ലാതായി. സ്റ്റേഷൻഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചതോടെ എസ്.ഐമാർക്ക് മേലുള്ള മേൽനോട്ടത്തിന്റെ ഒരുതട്ട് ഇല്ലാതായി. ഇൻസ്പെക്ടർമാരാവട്ടെ അധികാരം വെട്ടിക്കുറച്ചതിന്റെ ചൊരുക്കിലുമാണ്. മുൻകാലങ്ങളിൽ ചെറിയ പിഴവുകൾക്കുപോലും പലതട്ടുകളിൽ വിശദീകരണം നൽകേണ്ടിയിരുന്നത് ഇല്ലാതായി. പൊലീസുകാർ തന്നിഷ്ടം പോലെ അധികാരദുർവിനിയോഗം നടത്തുന്നതാണ് മിക്ക വീഴ്ചകൾക്കും ഇടയാക്കുന്നത്.

വാഴുന്നത് അന്യസംസ്ഥാന ഉദ്യോഗസ്ഥർ

ക്രമസമാധാന ചുമതലയുള്ള പ്രധാന തസ്തികകളിലെല്ലാം ജനങ്ങളുമായി ബന്ധമില്ലാത്ത അന്യസംസ്ഥാന ഉദ്യോഗസ്ഥരെ നിയമിച്ചു. മികച്ച പ്രവർത്തനങ്ങളിലൂടെ മുൻകാലങ്ങളിൽ പേരെടുത്തവരെ പുറത്തുനിറുത്തി. മജിസ്റ്റീരിയൽ അധികാരമുള്ള പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കാതെ കൊച്ചിയിലും തിരുവനന്തപുരത്തും ഐ.ജിമാരെ കമ്മിഷണറാക്കിയത് അസ്വാരസ്യമുണ്ടാക്കി. 5 ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരെ സിറ്റികളിൽ കമ്മിഷണർമാരാക്കിയും റേഞ്ചുകളിൽ ഐ.ജിക്ക് പകരം ഡി.ഐ.ജിമാരെ നിയോഗിച്ചും ഉത്തര-ദക്ഷിണ അഡി. ഡി.ജി.പിമാരെ ഒഴിവാക്കിയുമുള്ള പരീക്ഷണത്തോടെ ഏകോപനം പാളി. പൊലീസ് മേധാവിക്ക് താഴെ സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള അഡി. ഡി.ജി.പി വന്നെങ്കിലും ഗുണമുണ്ടായില്ല. രാഷ്ട്രീയബന്ധമുള്ളവരെ കുത്തിനിറച്ചതോടെ രഹസ്യാന്വേഷണവിഭാഗവും ദുർബലമായി. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടുകൾക്ക് പരിഗണന കിട്ടാറില്ല.
പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നത് ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉപദേശകൻ രമൺ ശ്രീവാസ്തവയാണ്. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ രാഷ്ട്രീയ, പൊലീസ് നേതൃത്വങ്ങൾ കൂട്ടായ ആലോചനയിലൂടെ പരിഹാരമുണ്ടാക്കുന്ന പതിവ് ഇല്ലാതായി.

3 പ്രശ്‌നങ്ങൾ

രാഷ്ട്രീയം

സേനാംഗങ്ങൾക്കിടയിൽ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം.

എസ്.പിമാരിൽ ഭൂരിഭാഗവും രാഷ്ട്രീയ ചായ്‌വുള്ളവരായതോടെ മേലുദ്യോഗസ്ഥരുടെ നിയന്ത്രണങ്ങൾ അയഞ്ഞു.

അസംതൃപ്തി

ഡി.ജി.പി, എ.ഡി.ജി.പി റാങ്കിൽ ഇരുപതിലേറെ ഉദ്യോഗസ്ഥരുണ്ടെങ്കിലും രണ്ടുപേർക്കു മാത്രമേ ക്രമസമാധാന ചുമതലയുള്ളൂ.

നിയന്ത്രണം

പൊലീസ് നേതൃത്വത്തിന് താഴേതട്ടിൽ നിയന്ത്രണമില്ലാതായിട്ട് കാലമേറെയായി. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ തലയ്ക്കുമുകളിലിരുന്ന് ചീഫ് സെക്രട്ടറി റാങ്കോടെ മുൻ ഡി.ജി.പി രമൺ ശ്രീവാസ്‌തവ സേനയെ ഭരിക്കുന്നു.