ഇതിന് മികച്ച ഉദാഹരണങ്ങളാണ് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങൾ. മാദ്ധ്യമ സ്വാതന്ത്ര്യത്തിലും സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് മുന്നിൽ.
അറിയാനുള്ള അവകാശത്തിന്റെ സംരക്ഷണവും മേൽപ്പറഞ്ഞ സൂചികകളും തമ്മിൽ ബന്ധമുണ്ട് . ജനാധിപത്യ ഭരണസംവിധാനത്തിലെ നടപടിക്രമങ്ങൾ, ജനങ്ങൾക്ക് വേണ്ടിയുള്ളതായതിനാൽ അവയുടെ ന്യായാന്യായങ്ങൾ ജനം അറിയുമ്പോൾ മാത്രമേ ജനാധിപത്യം സഫലമാകൂ എന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാർ പറഞ്ഞിട്ടുണ്ട്. വിവരാവകാശ നിയമത്തിനു പിന്നിലെ തത്വശാസ്ത്രം ഇതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇതിനു വിഘാതമായി നമ്മുടെ രാജ്യത്തുണ്ടായിരുന്ന നിയമമാണ് 1923 ലെ ഔദ്യോഗിക രഹസ്യനിയമം. ഇത് ഇല്ലാതാക്കി വിവരാവകാശ നിയമം പാസാക്കാൻ പതിറ്റാണ്ടുകൾ ഏറെയെടുത്തു എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ദൗർബല്യമാണ്.
വിവരങ്ങൾ അറിവിന്റെ ഇരിപ്പിടങ്ങളാണല്ലോ. അറിവ് കൈവശമുള്ളവനാണ് ശക്തൻ. അങ്ങനെയുള്ള ശക്തന്മാർ അത് മറ്റുള്ളവരിലേക്ക് പകരാൻ വിമുഖരുമായിരിക്കും. സർക്കാർ അധികാരസ്ഥാനങ്ങളിലും ഇത് പ്രകടമാണ്. സാധാരണക്കാരെ ബാധിക്കുന്ന കാര്യങ്ങളാണ് പൊതു അധികാരസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിലും അതുസംബന്ധിച്ച വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് നൽകാൻ പലർക്കും വിമുഖതയാണ്. വിവരാവകാശനിയമം വിജയകരമാക്കുന്നതിലുള്ള തടസവും ഇതാണ്. എന്നാലും ഈ നിയമം സജീവമായി പ്രവർത്തിച്ചു തുടങ്ങിയതോടെ മനസില്ലാ മനസോടെയാണെങ്കിലും പല വിവരങ്ങളും ജനങ്ങൾക്ക് നൽകാൻ പൊതു അധികാരസ്ഥാനങ്ങൾ നിർബന്ധിതമായിരിക്കുകയാണ്. ഇതിനിടയിലും തട്ടാമുട്ടി ന്യായങ്ങൾ പറഞ്ഞും യുക്തിരഹിതവും അസംബന്ധവുമായ മറുപടികൾ നൽകിയും, അപേക്ഷകരെ വട്ടംചുറ്റിക്കുന്ന രീതിയും ചില ഉദ്യോഗസ്ഥർക്കുണ്ട്.
ഇത്തരത്തിലുള്ള ഒരു സംഭവം കഴിഞ്ഞമാസം കണ്ണൂരിലുണ്ടായി. മരിച്ചുപോയ അമ്മയുടെ പേരിൽ കൂത്തുപറമ്പ് സബ് ട്രഷറിയിലുണ്ടായിരുന്ന ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചാണ് കണ്ണൂർജില്ലയിലെ വിവരാവകാശ കമ്മിഷൻ ഹിയറിംഗിൽ, യുവാവ് വിവരാവകാശ അപേക്ഷ നൽകിയത്. അമ്മ TSB അക്കൗണ്ട് എടുക്കുന്ന സമയത്ത് നൽകിയിരുന്ന അപേക്ഷയിൽ നോമിനിയായി ചേർത്തിരുന്നയാളുടെ പേരും വിലാസവുമാണ് ആവശ്യപ്പെട്ടിരുന്നത്. അപേക്ഷയുടെ തുടക്കത്തിൽത്തന്നെ ലളിതമായ ഭാഷയിൽ അമ്മ മരിച്ചുപോയ തീയതിയടക്കം യുവാവ് രേഖപ്പെടുത്തിയിരുന്നു. അപേക്ഷയ്ക്ക് ബന്ധപ്പെട്ട പൊതുവിവരാവകാശ ഓഫീസർ നൽകിയ മറുപടി 'അക്കൗണ്ടിന്റെ ഉടമസ്ഥൻ നേരിട്ടു വന്നു ചോദിച്ചാൽ കൊടുക്കാം' എന്നായിരുന്നു. മരിച്ചുപോയ അമ്മയെ ഓഫീസറുടെ മുന്നിലെത്തിക്കാനുള്ള ദിവ്യശക്തിയൊന്നും തനിക്കില്ലാതെ പോയതിൽ ദുഃഖം തോന്നുന്നു എന്നാണ് കണ്ണൂർ കളക്ടറേറ്റിൽ നടന്ന ഹിയറിംഗിൽ സരസനായ അപേക്ഷകൻ കമ്മിഷനോട് പറഞ്ഞത്. എത്ര ലാഘവത്വത്തോടെയും അന്തസാര ശൂന്യമായും ക്രൂരമായുമാണ് ആ ഉദ്യോഗസ്ഥൻ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയതെന്ന് ആലോചിച്ചു നോക്കുക.
എന്നാൽ തികച്ചും അസംബന്ധവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതുമായ ചോദ്യങ്ങൾ ചോദിക്കുന്ന അനുഭവവും കമ്മിഷൻ നേരിടേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ യുവാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങൾ 'ടിബറ്റിന്റെ തലസ്ഥാനം ഏത്, ദലൈലാമ അവസാനമായി ഇന്ത്യയിൽ വന്നത് ഏതുവർഷം? 'എന്നിങ്ങനെയായിരുന്നു.
വിവരാവകാശ നിയമം (2005) പ്രകാരം പൗരന് പൊതു അധികാരസ്ഥാനത്തു നിന്ന് ലഭിക്കുന്ന 'വിവരം' എന്തൊക്കെയാണെന്ന് നിയമത്തിന്റെ 2 (എഫ്) വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രേഖകളിലോ ഫയലുകളിലോ മെമ്മോകളിലോ ഇലക്ട്രോണിക് രൂപത്തിലോ ഉള്ള കാര്യങ്ങളാണ് 'വിവരം' എന്ന സംജ്ഞയിൽ വരുന്നത്. ഇതിൽ ഉൾപ്പെടാത്ത തരത്തിലുള്ള അഭിപ്രായമോ വിശദീകരണമോ തേടൽ,വ്യാഖ്യാനങ്ങൾ തേടൽ,സംശയദൂരീകരണം, പൊതുവിജ്ഞാനത്തിന്റെ സ്വഭാവമുള്ള ചോദ്യങ്ങൾ എന്നിവയൊന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇതു മനസിലാക്കാതെ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് സങ്കീർണത ഉടലെടുക്കുന്നത്.
ഇതിന് ഏറ്റവും നല്ല തെളിവായിരുന്നു അടുത്തയിടെ പന്തളം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജന് ലഭിച്ച വിവരാവകാശ അപേക്ഷ. അപേക്ഷകൻ പന്തളം മുടിയൂർക്കോണം സ്വദേശി. അടുത്ത വീട്ടിലെ നായ ഓരിയിടുന്നതിന്റെ കാരണം അന്വേഷിച്ചാണ് ഈ വിദ്വാൻ അപേക്ഷ നൽകിയത്. ഇത് തന്റെ പക്കലുള്ള വിവരമല്ലെന്നും, വിവരാവകാശ നിയമപ്രകാരം ചോദിക്കാനോ മറുപടി നൽകാനോ കഴിയുന്നതല്ലെന്നും ബന്ധപ്പെട്ട വെറ്ററിനറി സർജൻ മറുപടി നൽകിയെങ്കിലും അപേക്ഷകന് തൃപ്തിയായില്ല. തുടർന്ന് ഇദ്ദേഹം അപ്പീൽ ഹർജിയുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചു. മുഖ്യവിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ, അസംബന്ധ ചോദ്യം ചോദിച്ചതിന്റെ പേരിൽ അപേക്ഷകനെ ജൂലായ് 16 ന് നടത്തിയ ഹിയറിംഗിൽ താക്കീത് ചെയ്ത് അയയ്ക്കുകയാണുണ്ടായത്. ഇതു സംബന്ധിച്ച് ഒരു പത്രത്തിൽ വന്ന വാർത്തയായിരുന്നു ബഹുകേമം! 'നായയുടെ ഓരിയിടലിന്റെ കാരണം തേടിയ അപേക്ഷയിൽ വിവരാവകാശ അദാലത്ത്' എന്ന ഹൈലൈറ്റോടെയാണ് പത്രം ഒരു പെട്ടി വാർത്ത നൽകിയത്. ലേഖകന്റെ പേരുവച്ചാണ് വാർത്ത നൽകിയത് എന്നും ഓർക്കണം. 'നായയുടെ ഒാരിയിടലിന്റെ കാരണമെന്ത് എന്നതിൽ അന്തിമ തീർപ്പുകൽപ്പിക്കാനായി ജൂലായ് 16 ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ ഒരു അപൂർവ സിറ്റിംഗ്' നടത്തുന്നു എന്നായിരുന്നു വാർത്തയുടെ ഇൻട്രോയിൽ പറഞ്ഞിരുന്നത്. 'നായ്ക്കളുടെ ഒാരിക്കാര്യം"തീരുമാനിക്കാൻ വേണ്ടി മാത്രമായി മുഖ്യ വിവരാവകാശ കമ്മിഷണർ പത്തനംതിട്ട കളക്ടറേറ്റിലെത്തുന്നു എന്ന നിലയിലാണ് വാർത്ത നൽകിയിരുന്നത്. വിവരാവകാശ നിയമം സംബന്ധിച്ച പരിപൂർണമായ അജ്ഞത മാത്രമല്ല ലേഖകനെക്കൊണ്ട് ഇങ്ങനെയൊരു വാർത്ത എഴുതിച്ചത്. ഒരു വാർത്തയ്ക്ക് ആധാരമായ കാര്യത്തെപ്പറ്റി Cross checking നടത്തി ഉറപ്പു വരുത്തിവേണം വാർത്ത നൽകാൻ എന്ന, പത്രപ്രവർത്തനത്തിലെ അടിസ്ഥാനപ്രമാണവും അടിസ്ഥാന മര്യാദയും ഗൗനിക്കാതെയുമാണ് പ്രസ്തുത ലേഖകൻ വാർത്ത നൽകിയത്. വാർത്തയുടെ Source (ഇവിടെ വിവരാവകാശ അപേക്ഷകൻ) നൽകിയ വിവരങ്ങൾ അപ്പാടെ വിശ്വസിച്ച് ഒരു സ്കൂപ്പ് നൽകുന്ന ഭാവത്തിൽ വാർത്ത എഴുതി പിടിപ്പിച്ചതാണ് ലേഖകനു പറ്റിയ അമളി.
സത്യത്തിൽ വിവരാവകാശ നിയമത്തിന്റെ സാദ്ധ്യതകൾ ഏറ്റവും ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്നത് മാദ്ധ്യമ പ്രവർത്തകർക്കാണ്. മുൻകാലങ്ങളലിൽ അറിയുന്നതോ മറച്ചു വയ്ക്കപ്പെടുന്നതോ ആയ Source കളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വാർത്തകൾ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഔദ്യോഗിക വൃത്തങ്ങളെയും ഔദ്യോഗിക രേഖകളെയും ഉദ്ധരിച്ച് പൂർണമായും വസ്തുതാപരമായ അന്വേഷണാത്മക വാർത്തകൾ വരെ മാദ്ധ്യമ പ്രവർത്തകർക്ക് നൽകാൻ കഴിയും. ഡൽഹി ജലബോർഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിൽ ADB വായ്പാ കരാർ വലിയ ചർച്ചാവിഷയമായതും സിവിൽ സപ്ളൈസ് കോർപറേഷനിലെ കോടികളുടെ അഴിമതി പുറത്തു വന്നതും മൂന്നാറിലെ സർക്കാർ ഭൂമി കൈയേറ്റ നടപടികളിലേക്കു നീങ്ങിയതുമൊക്കെ വിവരാവകാശ നിയമം മാദ്ധ്യമ പ്രവർത്തകർ പ്രയോജനപ്പെടുത്തിയതിന്റെ ഫലമായിട്ടായിരുന്നു എന്നോർക്കണം.
സാമൂഹ്യജീവിതം ചിട്ടപ്പെടുത്താനും മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള ഇടപെടലുകളുടെ സാദ്ധ്യത മാദ്ധ്യമ പ്രവർത്തകർക്കും നൽകുന്നതാണ് 2005ലെ വിവരാവകാശ നിയമം. ഇത് ഇനിയും മാദ്ധ്യമ പ്രവർത്തകർ അർത്ഥപൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. നിയമത്തിന്റെ സാദ്ധ്യതകൾ പോലെ പരിമിതികളും അറിഞ്ഞുവേണം മാദ്ധ്യമ പ്രവർത്തകർ ഇത് കൈകാര്യം ചെയ്യേണ്ടത്. അത്തരം അവധാനതയും ജാഗ്രതയും കാട്ടിയില്ലെങ്കിൽ നേരത്തേ പറഞ്ഞതുപോലുള്ള 'നായ്ക്കളുടെ ഓരിയിടലിനു'പിന്നാലെ മാദ്ധ്യമപ്രവർത്തകർ മണ്ടിപ്പായേണ്ടി വരുന്ന സ്ഥിതിയുണ്ടാകും.
(സംസ്ഥാന വിവരാവകാശ കമ്മിഷണറാണ് ലേഖകൻ. ഫോൺ: 9497733450 )