വെമ്പായം: നെടുമങ്ങാട് റേഞ്ച് എക്സൈസും, ഫുഡ് സേഫ്റ്റി നെടുമങ്ങാട് സർക്കിളും സംയുക്തമായി വട്ടപ്പാറ സ്കൂൾ പരിസരത്തെ ഹോട്ടലുകളിൽ പരിശോധന നടത്തി. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റയും, നെടുമങ്ങാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ മെഗഫിറത്തിന്റെയും നേത്യത്വത്തിലുള്ള സംഘം വട്ടപ്പാറ എൽ.എം.എസ് സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തു വില്പന നടത്തുകയും ചെയ്തുവരുന്ന സ്ഥാപനങ്ങൾ കണ്ടെത്താനായിരുന്നു റെയ്ഡ്. വട്ടപ്പാറ ഹോട്ടൽ അമ്മൂസിൽ നടത്തിയ സംയുക്ത റെയ്ഡ് വൃത്തിഹീനമായ സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന ഭക്ഷണ പദാർത്ഥങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ സ്ഥാപനത്തിൽ ഫുഡ് സേഫ്റ്റി സിർട്ടിഫിക്കറ്റൊ മറ്റു രേഖകളോ ലഭിച്ചിരുന്നില്ലന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. കട ഉടമയ്ക്ക് നോട്ടീസ് നൽകുകയും അപാകതകൾ പരിഹരിക്കും വരെ കട സീൽ ചെയ്യുകയും ചെയ്തു. സംഘത്തിൽ ഇൻസ്പക്ടറെ കൂടാതെ സി.ഇ.ഒ. അരുൺ സേവ്യർ, ഡബ്ല്യു.സി.ഇ.ഒമാരായ മഞ്ജുഷ, സുമിത എന്നിവരും പങ്കെടുത്തു.