1

വിഴിഞ്ഞം: മത്സ്യബന്ധന സീസൺ ആരംഭിച്ചതോടെ തീരത്തുവൻതിരക്കാണനുഭവപ്പെടുന്നത്. വള്ളങ്ങൾ കയറ്റിവയ്ക്കാൻ സ്ഥലമില്ലെന്നു മത്സ്യത്തൊഴിലാളികളുടെ പരാതി. ഏതാനും ദിവസമായി തുടരുന്ന കടൽ ഷോഭത്തിൽ വള്ളങ്ങൾ തമ്മിലടിച്ച് കേട് പറ്റുന്നതിനാൽ കടലിലും കെട്ടിയിടാനാകുന്നില്ല. ലേലസ്ഥലത്തും തിക്കും തിരക്കുമാണ്. ഇവിടെ കച്ചവടം ചെയ്യുന്ന മത്സ്യ വില്പനക്കാരായ സ്ത്രീകൾക്കും ബുദ്ധിമുട്ടാണ്. സീസൺ ആയത്തോടുകൂടി വഴിഞ്ഞത്തു രാവിലെ മുതൽ തിരക്കനുഭവപ്പെടും. സ്ഥലപരിമിതിയും തുറമുഖനിർമ്മാണം പൂർത്തിയാകാത്തതും ഇവിടെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴപെയ്താൽ ഒതുങ്ങിനിൽക്കാൻ പോലും തീരത്തു സ്ഥലമില്ലാത്ത അവസ്ഥയിലാണ്. തീരത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികൾ ഒന്നുമായില്ല. വിഴിഞ്ഞത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മത്സ്യ ബന്ധന തുറമുഖ സ്ഥലത്തെ തടസ്സങ്ങൾനീങ്ങാത്തതിനാൽ നിർമാണ പ്രവർത്തികൾ തുടങ്ങാനാകുന്നില്ല. വിഴിഞ്ഞം വലിയ കടപ്പുറത്തെ വള്ളങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല. മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്തതാണ് കാരണമെന്ന് ആക്ഷേപം. രാജ്യാന്തര തുറമുഖ സ്ഥലത്തെ നിർമ്മാണ പദ്ധതികൾ അന്തിമഘട്ടത്തിലാണ്. ഇവിടത്തെ ജോലികൾ പൂർത്തിയായാലുടൻ മത്സ്യ ബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കും. എന്നാൽ തടസങ്ങൾ നീക്കാത്തതു കാരണം നിർമ്മാണം അനിശ്ചിതത്വത്തിലാണ്. ഉടൻ തന്നെ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കമ്പനിയുടെ വിഴിഞ്ഞം ഭാഗത്തെ 800 ഓളം തൊഴിലാളികൾ പണിയില്ലാതെ നിൽക്കേണ്ടി വരുമെന്നും ഇത് കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കുമെന്നും അധികൃതർ പറയുന്നു.

500 മീറ്റർ ബർത്ത് സൗകര്യത്തോടു കൂടിയ മത്സ്യ ബന്ധന തുറമുഖത്തിന് 131 കോടിയോളം രൂപ ചെലവ് വരും. ഇതോടൊപ്പം അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പാക്കേജിന്റെ ഭാഗമായി വൻ വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ് വിഴിഞ്ഞത്തുകാരെ കാത്തിരിക്കുന്നത്. നിലവിലുള്ള മത്സ്യ ബന്ധന തുറമുഖം പുനരുദ്ധരിച്ച് മത്സ്യതൊഴിലാളികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം തന്നെ ഖര- ജൈവമാലിന്യ സംസ്കരണവും നടത്തും. തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ വിഴിഞ്ഞം മതിപ്പുറം ഭാഗങ്ങളിൽ സ്ഥാപിച്ചു. പൊതു ശുചി മുറികളും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിർമിച്ചു. ഇവയ്ക്ക് 198.42 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.