elizabath

ലണ്ടൻ: പലരെയും പ്രണയിച്ചു. കൃത്യമായി പറഞ്ഞാൽ 220 പേരെ. പക്ഷേ, എല്ലാം ഫ്ളോപ്പായി. മനംമടുത്ത് അവസാനം ഒരു തീരുമാനത്തിലെത്തി. ഇനി മനുഷ്യകുലത്തിലുള്ള ആരെയും പ്രേമിക്കില്ല. വിവാഹം കഴിക്കുകയുമില്ല. ഇൗ തീരുമാനം എടുത്തതിന് തൊട്ടുപിന്നാലെ ഏറെ കടുത്ത മറ്റൊരു തീരുമാനവുമെടുത്തു. വളർത്തുനായയെ വിവാഹം കഴിക്കുക. തീരുമാനമെടുക്കുക മാത്രമല്ല നടപ്പാക്കുകയും ചെയ്തു. മുൻ മോഡലായ നാൽപ്പത്തൊമ്പതുകാരി എലിസബത്ത് ഹോസാണ് നാട്ടുകാരെ ഞെട്ടിച്ചത്.

ആറുവയസുള്ള ഗോൾഡൺ റിട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് എലിസബത്ത് വിവാഹം ചെയ്തത്. കോട്ടും തൊപ്പിയുമൊക്കെ അണിയിച്ച് ശരിക്കുമൊരു മണവാളനാക്കിയശേഷമായിരുന്നു വിവാഹം. എലിസബത്തും അത്യാവശ്യം ഒരുങ്ങിയിരുന്നു. ബന്ധുക്കളടക്കം ഇരുപതോളം പേരാണ് ചടങ്ങിനെത്തിയത്. നല്ലൊരു പാർട്ടിയും അതിഥികൾക്കുവേണ്ടി ഒരുക്കിയിരുന്നു.

ഡോഗ് ഫ്രണ്ട്ലി ഹോട്ടലിലാണ് വിവാഹാഘോഷം നടക്കുന്നത്. വരനോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ എലിസബത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തിട്ടുണ്ട്. തന്റെ സമ്പാദ്യം ഭർത്താവിന്റെ പേരിൽകൂടി രജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പിലാണ് അവർ.

അതേസമയം എലിസബത്തിന്റെ പ്രവൃത്തി മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അതിനാൽ അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.