കിളിമാനൂർ: ഗ്രാമീണ ജനതയ്ക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് യാതൊരു ഉറപ്പും ഇല്ലാതാവുകയാണെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ഇതുവരെ കൂലിയുടെ കാര്യത്തിലായിരുന്നു ഉറപ്പില്ലാതിരുന്നതെങ്കിൽ ഇപ്പോൾ തൊഴിൽ ദിനങ്ങളുടെ കാര്യത്തിലും ഉറപ്പില്ലാതായിരിക്കുകയാണന്ന് ഇവർ പറയുന്നു. കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതാണ് ആശങ്കയ്ക്ക് കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശിക പോലും നിരവധി പേർക്ക് ഇനിയും കിട്ടിയിട്ടില്ല. ഇങ്ങനെയായാൽ വരുന്ന ഓണത്തിന് പട്ടിണിയാകുമെന്നാണ് തൊഴിലാളികളിൽ പലരും പറയുന്നത്. കശുവണ്ടി തൊഴിൽ മേഖലയിലുൾപ്പെടെ ക്ഷേമപെൻഷനുകളും മറ്റു ആനുകൂല്യങ്ങളും ഏർപ്പെടുത്തുമ്പോൾ മഴയിലും ചെളിയിലും പണിയെടുക്കുന്ന ഇവരെ അവഗണിക്കുകയാണന്ന് പരാതിയുണ്ട്. പല പഞ്ചായത്തുകളും മഴക്കാല പൂർവ ശുചികരണം തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് തുടങ്ങിയത് മഴയെത്തിയ ശേഷമായിരുന്നു. മുട്ടിന്റെ മുകളിൽ മലിനജലത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് പകർച്ചവ്യാധി ഭീഷണിയും ഉണ്ട്. ഒരു കുടുംബത്തിന് നൂറ് തൊഴിൽ ദിനങ്ങളെന്നത് കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ കുറയുമോ എന്ന ഭയത്തിലാണ് തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങളും.