vilavoorkal

മലയിൻകീഴ്: വിളവൂർക്കൽ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അതിനിടെ, ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ വൈസ് പ്രസിഡന്റ് രാജിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ശാലിനി എന്നിവർക്കെതിരെ വികസന മുരടിപ്പ്, സ്വജനപക്ഷപാതം, അഴിമതി എന്നിവ ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

17 അംഗ പഞ്ചായത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും 6 അംഗങ്ങളും ഇടതുപക്ഷത്തിന് 5 (സി.പി.എം 4, സി.പി.ഐ 1) എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ നിന്ന് ഇടതുപക്ഷം വിട്ട് നിന്നതാണ് അവിശ്വാസം പരാജയപ്പെടാൻ കാരണം. ബ്ലോക്ക് സെക്രട്ടറി അജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടതുപക്ഷത്തിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുമ്പോൾ അവരുടെ പിന്തുണയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ തനിക്കു താത്പര്യമില്ലാത്തതിനാലാണ് രാജി വച്ചതെന്ന് വൈസ് പ്രസിഡന്റ് എസ്. ശാലിനി പറയുന്നു. എന്നാൽ വൈസ് പ്രസിഡന്റ് രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് പ്രസിഡന്റ് അനിൽകുമാർ പ്രതികരിച്ചത്. പ്രസിഡന്റിനെതിരായ അവിശ്വാസം തള്ളിയതിന് കാരണം ബി.ജെ.പി - സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്....വിളവൂർക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശാലിനി പഞ്ചായത്ത് സെക്രട്ടറി ലതാകുമാരിക്കു രാജിക്കത്ത് നല്കുന്നു.)