നേമം: കരമന - കളിയിക്കാവിള ദേശീയപാതയിലെ സിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് കത്തുമ്പോൾ നിറുത്തുന്നവർ ജാഗ്രതൈ !. നിങ്ങളുടെ വാഹനത്തിന് പുറകിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് കയറിയേക്കാം. സിഗ്നലിൽ നിറുത്തുമ്പോൾ പുറകേ വാഹനങ്ങളില്ലെന്ന് കൂടി ഉറപ്പു വരുത്തേണ്ട ഗതികേടിലാണ് ഈ റോഡിലെ വാഹന യാത്രക്കാർ.പാപ്പനംകോടിനും പ്രാവച്ചമ്പലത്തിനുമിടയിലെ സിഗ്നൽ പോയിന്റുകളിൽ സിഗ്നൽ ലംഘിക്കാനുള്ള പ്രവണത കൂടി വരികയാണെന്ന് അപകടക്കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വെളളായണി ജംഗ്ഷനിൽ ബാലരാമപുരം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് സിഗ്നൽ കാത്ത് നിൽക്കുകയായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി. തലനാരിഴയ്ക്കാണ് ബസ് ശരീരത്തിൽ കയറാതെ ഇവർ രക്ഷപ്പെട്ടത്. സിഗ്നൽ ലംഘിച്ച് കടന്ന് പോകാനുളള ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിനിടയാക്കിയത്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാ വാഹനങ്ങളും നിയലംഘനം നടത്തുന്നുണ്ട്. ഈ റോഡിൽ നടക്കുന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് പ്രധാന കാരണം ട്രാഫിക് നിയമലംഘനം തന്നെയാണ്.
സിഗ്നൽ പോയിന്റുകളിൽ അടിയന്തരമായി കാമറ സ്ഥാപിക്കണം
നിയമലംഘനം നടത്തുന്നവരെ പിടികൂടി നടപടി സ്വീകരിക്കുക
പ്രധാന കവലകളിൽ പൊലീസിനെ നിയോഗിക്കുക
പൊലീസ് പട്രോളിംഗ് ശക്തമാക്കുക