kodi
സി.പി.എമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരംചാലയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സാഹിത്യകാരൻ നീല പദ്മനാഭനെ സന്ദർശിക്കുന്നു. വി. ശിവൻകുട്ടി സമീപം

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധി നടപ്പാക്കിയതിൽ ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടായെന്ന് അവരുമായി നേരിട്ട് സംസാരിച്ചപ്പോൾ ബോദ്ധ്യപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ തെറ്റ് തിരുത്തി മുന്നോട്ട് പോകും. ജനങ്ങളുമായി നേതാക്കൾ നേരിട്ട് സംവദിക്കണമെന്ന സി.പി.എം സംസ്ഥാനകമ്മിറ്റി തീരുമാനപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിക്കിടെയാണ് കോടിയേരി മാദ്ധ്യമങ്ങളോട് ഇത് പറഞ്ഞത്.

രണ്ട് ദിവസമായി തുടരുന്ന ഗൃഹസന്ദർശന പരിപാടിയിൽ കഴിഞ്ഞ ദിവസം വഞ്ചിയൂർ ഏരിയയിലും ഇന്നലെ ചാല ഏരിയയിലും വിവിധ വീടുകളിൽ കോടിയേരി ജില്ലയിലെ പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം നേരിട്ടെത്തി. ജനങ്ങളുടെ വികാരം നേരത്തേ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

സുപ്രീംകോടതി വിധി ആദ്യഘട്ടത്തിൽ രാഷ്ട്രീയപ്പാർട്ടികളെല്ലാം സ്വാഗതം ചെയ്യുകയാണുണ്ടായത്. പിന്നീട് ചില കക്ഷികൾ നിലപാട് മാറ്റി. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാട് കൈക്കൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളിൽ നിന്ന് വിമർശനമുയർന്നു. എന്നാൽ വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന് മുന്നിലുണ്ടായിരുന്ന പ്രായോഗിക നടപടി. വിശ്വാസികൾക്കും അയ്യപ്പഭക്തർക്കും എതിരല്ല ഇടതുമുന്നണിയെന്നും കോടിയേരി പറഞ്ഞു.

ഇന്നലെ വലിയശാല അഗ്രഹാരങ്ങളിലാണ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ പര്യടനം നടത്തിയത്. രാവിലെ തമിഴ് സാഹിത്യകാരൻ നീല പത്മനാഭന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം. കോർപറേഷന്റെ മാലിന്യസംസ്കരണ പ്രശ്നമാണ് അദ്ദേഹവും ഭാര്യ കൃഷ്ണമ്മയും കോടിയേരിയുടെ മുമ്പാകെ അവതരിപ്പിച്ചത്.

ബ്രാഹ്മണസഭാ ജില്ലാ പ്രസിഡന്റ് ഗണേശിന്റെ നേതൃത്വത്തിൽ കോടിയേരിയെ പിന്നീട് വീടുകളിലേക്ക് സ്വീകരിച്ചു. വലിയശാല ഗ്രാമത്തിലെ വികസനപ്രശ്നങ്ങളും പൂജാരിമാരുടെ ക്ഷേമനിധി അടക്കമുള്ള കാര്യങ്ങളും കോടിയേരി ചോദിച്ചറിഞ്ഞു. റൊട്ടിക്കട, പുത്തൻകോട്ട, മണക്കാട്, ചാല എന്നിവിടങ്ങളിൽ പതിനഞ്ച് വീടുകൾ ഇന്നലെ കോടിയേരി സന്ദർശിച്ചു.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാനകമ്മിറ്റി അംഗം വി. ശിവൻകുട്ടി, ചാല ഏരിയാ സെക്രട്ടറി എസ്.എ. സുന്ദർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനകമ്മിറ്റി അംഗം എം. വിജയകുമാർ നാലാഞ്ചിറയിലും ടി.എൻ. സീമ ചാല നെടുങ്കാടും കോലിയക്കോട് കൃഷ്ണൻ നായർ വെഞ്ഞാറമൂട് മാണിക്കലിലും വീടുകൾ കയറി.