തിരുവനന്തപുരം : മേയർ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ട ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ഭരണപക്ഷ യൂണിന്റെ ഇടപെടൽ. ഉത്തരവ് ഇറക്കാതെ നടപടി നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെങ്കിലും മേയർ നിലപാട് കടുപ്പിച്ചതോടെ നീക്കം പൊളിഞ്ഞു. പിന്നാലെ ഉത്തരവ് ഇറങ്ങി. ശനിയാഴ്ച വട്ടിയൂർക്കാവ്‌ സോണൽ ഓഫീസിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷ സിമി ജ്യോതിഷിനോടും മറ്റു കൗൺസിലർമാരോടും മോശമായി പെരുമാറിയ ചാർജ് ഓഫീസർ എൽ. സിന്ധുവിനെ രക്ഷിക്കാൻ യൂണിയൻ നേതാക്കൾ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ മേയർ അടിയന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് ഓഫീസറെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് വരെയും ഉത്തരവ് പുറത്തിറങ്ങിയില്ല. ഉദ്യോഗസ്ഥ പതിവ്പോലെ ഓഫീസിൽ എത്തി. ഇക്കാര്യം കൗൺസിലർമാർ മേയറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉത്തരവ് ഇറക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഫയൽ കാണാനില്ലെന്നാണ് ആദ്യം മറുപടി നൽകിയത്. ഒടുവിൽ ഫയൽ കണ്ടെത്തിയെങ്കിലും ഉത്തരവെഴുതേണ്ട ഉദ്യോഗസ്ഥൻ അവധിയാണന്ന മുടന്തൻ ന്യായം നിരത്തി. ഉടൻ ഉത്തരവ് പുറത്തിറക്കണമെന്നും വൈകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയതോടെ യൂണിയൻ നേതാക്കളുടെ ശ്രമം പൊളിഞ്ഞു. വൈകിട്ട് 5ന് ശേഷം പുറത്തിറക്കിയ ഉദ്യോഗസ്ഥയെ നേരിട്ട് ഏല്പിക്കാനും നടപടി സ്വീകരിച്ചു. കഴിഞ്ഞ കുറേക്കാലമായി വിവിധ വിഷയങ്ങളിൽ ഇടതുപക്ഷ ഉദ്യോഗസ്ഥ യൂണിയനും കോർപറേഷൻ ഭരണസമിതിയും തമ്മിൽ തർക്കം നടക്കുകയാണ്. മേയറുടെ കർശന ഇടപെടൽ ഉണ്ടായതോടെയാണ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാനുള്ള യൂണിയന്റെ നീക്കം പാളിയത്.