university-college-issue

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച സ്വതന്ത്ര ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ മുമ്പാകെ വിദ്യാർത്ഥികളുടെ പരാതി പ്രളയം. വിദ്യാർത്ഥി സംഘടനകളുടെ ഏകാധിപത്യ പ്രവണതകൾക്കെതിരെയായിരുന്നു പരാതികളേറെയും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ചെയർമാനായി സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പെയിൻ കമ്മിറ്റി നിയോഗിച്ച ജനകീയ കമ്മിഷനാണ് തെളിവെടുപ്പ് നടത്തിയത്.


യൂണിവേഴ്‌സിറ്റി കോളേജിലും മറ്റ് പല ഗവൺമെന്റ് കോളേജുകളിലും മറ്റാർക്കും പ്രവർത്തനസ്വാതന്ത്ര്യമനുവദിക്കാതെ എസ്.എഫ്.ഐ ഏകാധിപത്യപ്രവണത കാണിക്കുകയാണെന്ന് തെളിവെടുപ്പിനെത്തിയവർ പറഞ്ഞതായി കമ്മിഷൻ അറിയിച്ചു. തിരുവനന്തപുരം എം.ജി കോളേജിലും ധനുവച്ചപുരം കോളേജിലും എ.ബി.വി.പിയുടെ പ്രവർത്തനവും ഏകാധിപത്യപരമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.


തിരഞ്ഞെടുപ്പിൽ മറ്റ് സംഘടനകൾക്ക് മത്സരിക്കാൻ കഴിയാത്തവിധമാണ് ഇവരുടെ പ്രവർത്തനം. അദ്ധ്യാപകരിൽ ഒരു വിഭാഗം ഇവരെ പിന്തുണയ്ക്കുന്നുണ്ട്. യൂണിയൻ ഓഫീസ് പാർട്ടി ഓഫീസാക്കി മാറ്റി അവിടെ ആയുധങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കമ്മിഷൻ പറഞ്ഞു. എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനാ ഭാരവാഹികൾ തിരുവനന്തപുരത്തെ തെളിവെടുപ്പിൽ പങ്കെടുത്തില്ല.

കലാലയങ്ങൾ പാർട്ടി കോളേജുകൾ എന്നതിൽ നിന്ന് മാറി ജനാധിപത്യ കോളേജുകളാക്കി മാറ്റണമെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിന് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തണമെന്നും റീ അഡ്മിഷൻ പോലുള്ളവയ്ക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള ശുപാർശകൾ റിപ്പോർട്ടിലുൾപ്പെടുത്തുമെന്നും കമ്മിഷനംഗങ്ങൾ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എസ്. വർഗീസ്, കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ഡോ. തങ്കമണി, ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ. സന്ധ്യ, യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. എ.ജി. ജോർജ് എന്നിവരാണ് കമ്മിഷനംഗങ്ങൾ.