തിരുവനന്തപുരം: ഇടത് ഐക്യത്തിന് വേണ്ടി സി.പി.എമ്മുമായി വിട്ടുവീഴ്ച ചെയ്ത് നീങ്ങുന്ന സി.പി.ഐക്കേറ്റ അടിയായി മൂവാറ്റുപുഴ എം.എൽ.എ എൽദോസ് എബ്രഹാം അടക്കമുള്ള പാർട്ടി നേതാക്കൾക്ക് നേരേ ഇന്നലെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജ്.
സ്വന്തം സർക്കാരിന്റെ പൊലീസിന്റെ അടി ഏറ്റുവാങ്ങേണ്ടി വന്നതിലുള്ള അമർഷം സി.പി.ഐയിൽ താഴേക്കിടയിലടക്കം നുരഞ്ഞുപൊന്തി. പാർട്ടി വികാരം സി.പി.ഐ നേതൃത്വം മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും കൈമാറി. സെക്രട്ടറി കാനം രാജേന്ദ്രനും നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രിയോട് പ്രതിഷേധം പറഞ്ഞു. തുടർന്നാണ് ,സംഭവം അന്വേഷിക്കാൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവായത്.
കൊച്ചിയിലെ പ്രാദേശിക പ്രശ്നമായതിനാൽ ഇത് സംസ്ഥാനതലത്തിൽ മുന്നണി ബന്ധത്തെ ബാധിക്കാതെ കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ. കളക്ടറുടെ റിപ്പോർട്ട് പൊലീസിനെ ന്യായീകരിക്കുന്നതായാൽ സി.പി.ഐയിൽ താഴേക്കിടയിൽ പ്രതിഷേധം കത്തിപ്പടരാം.
ഇന്നലെ രാവിലെ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വേദി പങ്കിടവെയാണ് കൊച്ചിയിൽ പാർട്ടി എം.എൽ.എയ്ക്ക് പൊലീസ് മർദ്ദനമേൽക്കുന്നത്. മാദ്ധ്യമങ്ങൾ പ്രതികരണമാരാഞ്ഞപ്പോഴാണ് കാനം സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നത്.
പിന്നാലെ എം.എൻ സ്മാരകത്തിൽ ചേർന്ന പാർട്ടി മന്ത്രിമാരുടെ യോഗത്തിൽ വിഷയം പ്രധാന ചർച്ചയായി. കാനം മുഖ്യമന്ത്രിയെ ടെലഫോണിൽ ബന്ധപ്പെട്ട് ഗൗരവസ്ഥിതി ധരിപ്പിച്ചു. അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. അല്പം കഴിഞ്ഞ് മുഖ്യമന്ത്രി കാനത്തെ തിരിച്ചുവിളിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാൻ നിർദ്ദേശിച്ചതായി അറിയിച്ചു. ഉച്ചയോടെ ,മന്ത്രി ഇ. ചന്ദ്രശേഖരൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് പാർട്ടി വികാരം കൈമാറി. മന്ത്രിസഭായോഗത്തിന് തലേന്ന് ചേരാറുള്ള മന്ത്രിമാരുടെ ഫ്രാക്ഷൻ യോഗം വൈകിട്ട് ചേർന്നപ്പോഴും വിഷയം ചർച്ചയായി. കളക്ടറുടെ റിപ്പോർട്ട് വന്നിട്ട് കാര്യങ്ങൾ പറയാമെന്ന് കാനം വാർത്താലേഖകരോട് പ്രതികരിച്ചു.
വൈപ്പിൻ കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് തർക്കവുമായി ബന്ധപ്പെട്ടാണ് എറണാകുളത്ത് സി.പി.എം- സി.പി.ഐ ബന്ധം കൂടുതൽ വഷളായത്. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ കഴിഞ്ഞദിവസം പൊലീസ് തടഞ്ഞതും വിവാദമായിരുന്നു. ഞാറയ്ക്കൽ സി.ഐയെ മാറ്റണമെന്നാണ് സി.പി.ഐയുടെ ആവശ്യം. സി.പി.എമ്മിന് അതിൽ താല്പര്യമില്ല.