തിരുവനന്തപുരം:ചന്ദ്രയാൻ 2 പേടകവുമായി കുതിച്ച ബാഹുബലി എന്ന ജി.എസ്.എൽ.വി.റോക്കറ്റിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും മേലെ. ചന്ദ്രയാനെ നിർദ്ദിഷ്ട ഭ്രമണപഥത്തിലും ആറായിരം കിലോമീറ്റർ മുകളിൽ എത്തിച്ചു. ഇതോടെ ചന്ദ്രയാന്റെ ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ ഒഴിവായെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
170 കിലോമീറ്റർ അടുത്തും 39,500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥമാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ജൂലായ് 15ന് വിക്ഷേപണം അലസിയതോടെ ഭ്രമണപഥം പുനഃക്രമീകരിച്ചു. ആദ്യം 180 കിലോമീറ്റർ അടുത്തും 40,500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണ പഥം തീരുമാനിച്ചു. ചന്ദ്രയാന്റെ യാത്രാസമയം കുറച്ച് സെപ്തംബർ ആറിന് തന്നെ ചന്ദ്രനിൽ എത്തിക്കാനാണ് ഭ്രമണപഥം പരിഷ്ക്കരിച്ചത്. ഇതുനുസരിച്ച് 22 ന് ഉച്ചയ്ക്ക് 2.43 ന് വിക്ഷേപിച്ച ശേഷം ഇന്നലെ ഭ്രമണപഥം 180 കിലോമീറ്റർ അടുത്തും - 45,000 കിലോമീറ്റർ അകലെയുമായി ആയി വിപുലീകരിക്കേണ്ടതായിരുന്നു. ഇത്തരത്തിൽ അഞ്ച് ഭ്രമണപഥ വിപുലീകരണമാണ് ഭൂമിക്കു ചുറ്റുമുള്ള യാത്രയിൽ വേണ്ടിയിരുന്നത്.
എന്നാൽ ബാഹുബലി ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് 180 കിലോമീറ്റർ അടുത്തും 46,500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ്. അതായത് 6,000 കിലോമീറ്റർ കൂടുതൽ ഉയരത്തിൽ. ഇതോടെ ഇന്നലെ നടത്തേണ്ടിയിരുന്ന ഭ്രമണപഥം ഉയർത്തൽ വേണ്ടിവന്നില്ല. ഭൂമിക്ക് ചുറ്റും വേണ്ടിയിരുന്ന അഞ്ച് ഭ്രമണപഥ വിപുലീകരണം നാലായി കുറഞ്ഞു. നാളെയാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. ഇത് എത്രവേണമെന്ന് ഇന്ന് തീരുമാനിക്കും.
ഇന്നലെ ബാംഗ്ളൂരിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ എത്തിയ ഐ. എസ്. ആർ. ഒ ചെയർമാൻ ചന്ദ്രയാന്റെ ഭ്രമണപഥ പ്രകടനം വിലയിരുത്തി. മുൻനിശ്ചയ പ്രകാരം സുരക്ഷിതമായാണ് ചന്ദ്രയാന്റെ യാത്ര. നാലുതവണകളിലായി 1,05,292 കിലോമീറ്റർ അകലെയുള്ള ഭൂസ്ഥിരഭ്രമണപഥത്തിലാണ് ചന്ദ്രയാനെ എത്തിക്കേണ്ടത്. അതിന് ആഗസ്റ്റ് 14 വരെ കാത്തിരിക്കണം. പിന്നീട് ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങും. അതിന് ഏഴു ദിവസം എടുക്കും. തുടർന്നാണ് ചന്ദ്രന്റെ അടുത്തേക്ക് കറങ്ങിക്കറങ്ങി അടുക്കുക. സെപ്തംബർ ഏഴിനാണ് ചന്ദ്രയാൻ 2 ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തുക.