തിരുവനന്തപുരം : നഗരത്തിലെ പൊതുചടങ്ങുകൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷക്കായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ചുറുചുറുക്കുള്ള വിശ്വസ്തരായ യുവതി-യുവാക്കളെ ഇനി നഗരസഭ നൽകും. കൃത്യമായ പരിശീലനം നൽകി യൂണിഫോമും തിരിച്ചറിയൽ രേഖകളുമുള്ള സുരക്ഷാ സേന ഉടൻ രംഗത്തിറങ്ങും. ആദ്യഘട്ടത്തിൽ 100 പേരെ ഉൾപ്പെടുത്തിയാണ് സുരക്ഷാസേന രൂപീകരിക്കുന്നത്. ഇന്നലെ ചേർന്ന ട്രാഫിക് അഡ്വൈസറി ബോർഡ് യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് ആദ്യവരാം സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ താത്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. പൊലീസുമായി സഹകരിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നിലവിൽ നഗരത്തിൽ സ്വകാര്യ സെക്യൂരിറ്റി ഏജൻസികളാണ് സുരക്ഷയ്ക്ക് ആളെ നൽകുന്നത്. നിരവധി ചെറുപ്പക്കാൻ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത്. ഇടനിലക്കാരയ സ്ഥാപനങ്ങൾ നേട്ടം കൊയ്യുകയും ചെയ്യുന്നു. ഈ സഹാചര്യത്തിലാണ് നഗരസഭ ഈ രംഗത്തേക്ക് കടന്നുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് രാത്രിയും പകലും സുരക്ഷയ്ക്ക് ജീവനക്കരെ നൽകുന്നതോടൊപ്പം, വിവാഹം, മറ്റ് വിശേഷചടങ്ങുകൾ എന്നിവയ്ക്കും സുരക്ഷയ്ക്ക് ആളെ നൽകും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ട്രാഫിക് ക്രമീകരിക്കാനും ഉൾപ്പെടെയുള്ള പരിശീലനം ഇവർക്ക് നൽകും.

പേ ആൻഡ് പാർക്ക് കൂപ്പൺ ഓൺലൈനിലും

നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പേ ആൻഡ് പാർക്ക് സംവിധാനത്തിന്റെ ഭാഗമായുള്ള കൂപ്പണുകൾ ഇനി ഓൺലൈനിലൂടെ ലഭിക്കും. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ആഗസ്റ്റ് ആദ്യവാരം മുതൽ ഇത് ലഭ്യമാകും. ഒരു മാസത്തെ കൂപ്പൺ ഒരുമിച്ച് എടുക്കാം. നിരക്കിൽ ഇളവും ലഭിക്കും. കൂടാതെ നഗരത്തിൽ ആഗസ്റ്റ് ഒന്നു മുതൽ പേ ആൻഡ് പാർക്ക് കൂപ്പണിന് ഒരു മണിക്കൂർ പരമാവധി സമയം അനുവദിക്കും. നിലവിൽ ഓരോ സമയം പാർക്ക് ചെയ്യുമ്പോഴും കൂപ്പൺ എടുക്കണം. ഇനി മുതൽ കൂപ്പൺ എടുത്തു കഴിഞ്ഞാൽ ഒരു മണിക്കൂർ നേരത്തേക്ക് നഗരത്തിലെ ഏത് പേ ആൻഡ് പാർക്ക് ഏരിയയിലും പാർക്ക് ചെയ്യാം.

" സുരക്ഷാ ജീവനക്കാരെ നൽകുന്ന ഏജൻസിയായി നഗരസഭ മാറും. യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ നഗരസഭ ലക്ഷയമിടുന്നത്. "

-വി.കെ.പ്രശാന്ത്,​ മേയർ