തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി എം.എം. മണിക്ക് ശസ്ത്രക്രിയ നടത്തി. രക്തസ്രാവം പരിഹരിക്കുന്നതിനായി താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. രാവിലെ 8ന് തുടങ്ങിയ ശസ്ത്രക്രിയ 11 മണിയോടെ പൂർത്തിയായി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി ഐ.സി.യുവിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാത്രിയോടെ ഭക്ഷണം കഴിച്ചു. രണ്ട് ദിവസത്തിനുശേഷം ആശുപത്രി വിടാനാകും.
കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലയോട്ടിക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി കണ്ടെത്തി. തിങ്കളാഴ്ച ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ചത്.