കുളത്തൂർ: തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ അവഗണനയുടെ പാതയിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നായ ടെക്നോപാർക്ക്, വിക്രം സാരാഭായി സ്‌പേസ് സെന്റർ, സൈനിക സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, മറ്റ് വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിവർ പ്രധാനമായും ആശ്രയിക്കുന്നത് കഴക്കൂട്ടം വഴി കടന്നു പോകുന്ന ട്രെയിനുകളെയാണ്. മൂന്ന് വർഷം മുമ്പ് ഏഴ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് നേടിയെടുക്കാൻ സാധിച്ചതൊഴിച്ചാൽ കാര്യമായ വികസനമൊന്നും നടക്കാത്ത സ്റ്റേഷനാണിത്. ടെക്നോപാർക്ക് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം കഴക്കൂട്ടം റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ടെക്കികളുടെയും നാട്ടുകാരുടെയും ആവശ്യം. ടെക്നോപാർക്ക് ഉൾപ്പെടെ വിവിധ ഐ.ടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രധാന യാത്രാ മാർഗമാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ. പോരാത്തതിന് പുതുക്കിയ റെയിൽവേ സമയക്രമം നിലവിലെ യാത്രക്കാരെപോലും റെയിൽവേയിൽ നിന്ന് അകറ്റുന്ന സാഹചര്യമാണ്. റെയിൽവേക്ക് ഏറെ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കുന്ന സ്റ്റേഷനെ അധികൃതർ മനഃപൂർവം അവഗണിക്കുകയാണെന്ന പരാതിയുമുണ്ട്. അൻപതിനായിരത്തോളം ആളുകൾ ദിനംപ്രതി വന്നുപോകുന്ന കഴക്കൂട്ടം ഉപ നഗരത്തിന്റെ വളർച്ചയ്ക്ക് ഒട്ടും യോജിച്ചുപോകുന്നതല്ല ഇവിടത്തെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ.
പ്രധാന പ്രശ്നങ്ങൾ
വേണ്ടത്ര ട്രെയിനുകളോ അടിസ്ഥാന സൗകര്യങ്ങളോ ഈ സ്റ്റേഷനിൽ ഇല്ല.
ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷനിൽ ഇരിക്കാൻ ഏതാനും ബെഞ്ചുകൾ മാത്രമാണുള്ളത്
ആവശ്യമുള്ളതിന്റെ പത്തു ശതമാനം പോലും ഇരിപ്പിടമില്ലാതെ യാത്രക്കാർ വലയുകയാണ്
സ്ഥിരം യാത്രക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ ഫലപ്രദമായ സംവിധാനം ഇനിയും ഇവിടെ ഒരുക്കാനായിട്ടില്ല.
നിലവിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങളും വാഹന ഭാഗങ്ങളും മോഷണം പോകുന്നത് പതിവാണ്
നാലാം ട്രാക്കിൽ ഒരു വശം മാത്രമേ പ്ളാറ്റ് ഫാം പണിതിട്ടുള്ളൂ. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്
ഏഴു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോൾ അവയിൽ ഒന്നുപോലും ആലപ്പുഴ വഴിയില്ല എന്നതാണ് വസ്തുത
ഏറനാട് എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന റെയിൽവേ അധികാരികളുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല