തിരുവനന്തപുരം: ഭരണകക്ഷി എം.എൽ.എയെ പൊലീസ് വളഞ്ഞിട്ടു തല്ലുന്ന അത്യപൂർവമായ സംഭവത്തിന് ഇരയാവേണ്ടി വന്നതോടെ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.ഐ. എറണാകുളത്ത് മദ്ധ്യമേഖലാ ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സി.പി.ഐ പ്രവർത്തകരെ ക്രൂരമായി ചാത്തിച്ചാർജ് ചെയ്തതിലും എം.എൽ.എ എൽദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെയും അസി. സെക്രട്ടറി കെ.എൻ. സുഗതനെയും പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചതും സി.പി.ഐയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ല. ഇനി ഇത് സഹിക്കാൻ കഴിയില്ല എന്ന വിധത്തിലേക്ക് സി.പി.ഐ അണികൾ നീങ്ങുകയാണ്. യൂണിവേഴ്സിറ്രി കോളേജിലെ കത്തിക്കുത്തും പരീക്ഷാ ക്രമക്കേടുമൊക്കെ പ്രതിപക്ഷം വലിയ വിഷയമാക്കി ഉയർത്തിക്കൊണ്ടുവരുമ്പോൾ ഭരണമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി തന്നെ അതൃപ്തിയുമായി രംഗത്തുവന്നത് സർക്കാരിനെ വിഷമഘട്ടത്തിലാക്കിയിരിക്കുകയാണ്.
മൂന്നാർ കൈയേറ്രത്തിലും കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ കായൽ കൈയേറ്രത്തിലും സി.പി.എം നേതൃത്വവുമായി ഉടക്കിയിരുന്ന സി.പി.ഐ പിന്നീട് സി.പി.എമ്മുമായി കുറെക്കാലമായി രമ്യതയിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരു നേതൃത്വവും വെടിനിറുത്തലിലെത്തിയത്. എന്നാൽ പാർട്ടി എം.എൽ എയും ജില്ലാ സെക്രട്ടറിയും വരെ പൊലീസ് മർദ്ദനത്തിനിരയായതോടെ ഇനിയിത് സഹിക്കാൻ കഴിയില്ലെന്നാണ് അണികൾ പറയുന്നത്. വിശാലമായ മുന്നണി താല്പര്യത്തിന് വേണ്ടി ഇനിയും വിട്ടു വീഴ്ച ചെയ്താൽ അണികൾക്കത് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ട്. പൊലീസ് മന:പൂർവം പാർട്ടി നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിലാണ് അവർക്ക് പ്രതിഷേധം. ഇക്കാര്യം റവന്യൂ മന്ത്രി തന്നെ നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.അതേസമയം മുന്നണി ബന്ധം വഷളാക്കാതിരിക്കാൻ ഇക്കാര്യത്തിൽ സി.പി.ഐ നേതൃത്വം വിട്ടുവീഴ്ച ചെയ്യുമോ എന്ന ആശങ്കയും സി.പി.ഐ അണികൾക്കുണ്ട്. പാർട്ടി പ്രവർത്തകർക്കിടയിൽ എറണാകുളം ലാത്തിച്ചാർജ്ജിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
പൊലീസ് നടപടി ശുദ്ധ തോന്നാസ്യം: കെ.ഇ. ഇസ്മായിൽ
എൽദോ അബ്രഹാം എം.എൽ.എയ്ക്കും സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനുമെതിരായ പൊലീസ് നടപടി മന:പൂർവമാണെന്ന് പ്രമുഖ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മായിൽ ആരോപിച്ചു. പൊലീസ് നടപടിക്കെതിരായ പ്രതിഷേധമാണെന്ന് മുൻ കൂട്ടി പ്രഖ്യാപിച്ചാണ് മാർച്ച് നടത്തിയത്. ഇവരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. എം.എൽ.എ ആണെന്നറിഞ്ഞിട്ടും എൽദോയെ ആക്രമിക്കുകയായിരുന്നു. പി.രാജുവും മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗതനുമെല്ലാം ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരാണ്. പൊലിസിനെതിരായ സാധാരണ പ്രതിഷേധങ്ങളിലൊക്കെ അവർ വച്ച ബാരിക്കേഡ് പിടിക്കലും ഇളക്കലുമൊക്കെ പതിവാണ് . വേറെയൊരു പ്രകോപനവുമുണ്ടായില്ല.
കുറ്രക്കാരായ സി.ഐയെയും എസ്. ഐ വിപിൻദാസിനെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തി നടപടിയെടുക്കണം. നടപടി ഇല്ലാതെ പ്രവർത്തകരെ ബോദ്ധ്യപ്പെടുത്താൻ പറ്രില്ല. അല്ലെങ്കിൽ അണികളിൽ അസംതൃപ്തി വളരും പൊലീസ് നടപടി ശുദ്ധ തോന്ന്യാസമാണ്. ഈ ധിക്കാരം അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. ഇക്കാര്യം പാർട്ടി ഗൗരവമായി ആലോചിക്കും. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി എന്തുനിലപാടാണ് എടുത്തത് എന്നറിയില്ലെന്നും കെ.ഇ.ഇസ്മായിൽ പറഞ്ഞു.