കൊല്ലം: ഡ്രൈവിംഗിനിടെ മൊബൈലിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറെ കുടുക്കിയത് ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിൽ ക്യാപ്‌ടൻ റാങ്കിൽ പ്രവർത്തിക്കുന്ന യുവതി. ഇന്നലെ ഉച്ചയോടെ യാത്രക്കാരി മൊബൈലിൽ പകർത്തിയ ദൃശ്യം വൈകിട്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആർ.ശരത്ത് ചന്ദ്രന്റെ മൊബൈലിൽ ലഭിക്കുന്നത്. ഒടുവിൽ കൊല്ലം ശാസ്‌താംകോട്ട റൂട്ടിലോടുന്ന ബസ് തിരിച്ചറിഞ്ഞ് രാത്രി അവസാന ട്രിപ്പിലാണ് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടിയത്.
രണ്ട് മിനിറ്ര് ദൈർഘ്യമുള്ള ദൃശ്യങ്ങൾ കാട്ടിയതോടെ കുറ്റം സമ്മതിച്ച ഡ്രൈവർ അഭിലാഷിന്റെ പക്കൽ ഈ സമയം ലൈസൻസിന്റെ പകർപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. യഥാർത്ഥ ലൈസൻസുമായി ഇന്ന് കൊല്ലം ആർ.ടി.ഒയെ കാണാനാണ് വെഹിക്കിൾ ഇൻസ്‌പെക്‌ടർ ഡ്രൈവർക്ക് നിർദേശം നൽകിയിരിക്കുന്നത്. വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ റിപ്പോർട്ട് പരിഗണിക്കുന്ന ആർ.ടി.ഒ അഭിലാഷിന്റെ ലൈസൻസ് പ്രത്യേക കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്യാനാണ് സാദ്ധ്യത.
അതേസമയം ഇത്തരക്കാരെ കുടുക്കാൻ ഇതുപോലുള്ള സന്ദേശങ്ങൾ തെളിവ് സഹിതം ലഭിച്ചാൽ നടപടി എളുപ്പമാകുമെന്നും എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് പരിധിയുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ മൊബൈലിൽ സ്‌ത്രീ രംഗങ്ങൾ പകർത്തുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ഥിരം നമ്പരുകൾക്ക് മുതിരാതിരുന്നത് അവർ ഉന്നത ഉദ്യോസ്ഥയാണെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് ഇതേ ബസിലെ മറ്റൊരു യാത്രക്കാരി പറഞ്ഞു.