സ്റ്റേഷൻ മുറ്റത്ത് ബൊലേറോ നിന്നതും സി.ഐ ഋഷികേശ് ചാടിയിറങ്ങി അകത്തേക്കു പാഞ്ഞു.
''അവന്മാരെന്തിയേ?"
മുന്നിൽ നിന്ന പോലീസുകാരനോടു തിരക്കി.
''സാർ... മുകളിലുണ്ട്."
അയാൾ അറ്റൻഷനായി.
കാലുകൾ ചിറകുകളാക്കി ഋഷികേശ് കോണിപ്പടികൾ ഓടിക്കയറി.
അവിടെ...
തറയിൽ രണ്ട് പഴന്തുണിക്കെട്ടുകൾ പോലെ അനന്തഭദ്രനും ബലഭദ്രനും കിടക്കുന്നു.
ഋഷികകേശിന്റെ കണ്ണുകൾ വട്ടം ചുറ്റി.
മേശപ്പുറത്തിരുന്ന ലാത്തി കണ്ടു.
റാഞ്ചും പോലെ അയാൾ അതെടുത്തു.
''സാർ... കുഞ്ഞ്..." എസ്.ഐ കാർത്തിക് പകുതിക്കു നിർത്തി.
''അവനെ കൊന്നുകളഞ്ഞെടാ. ഇവന്മാരുടെ ആരോ..."
വർദ്ധിത കലിയോടെ ഋഷികേശ്, തറയിൽ കിടന്നിരുന്ന തമ്പുരാക്കന്മാരെ മാറിമാറി ആഞ്ഞടിച്ചു.
ഞരക്കമല്ലാതെ അവരിൽ നിന്നു ശബ്ദമൊന്നും വന്നില്ല.
''എന്റെ കുഞ്ഞില്ലാത്ത ലോകത്ത് നീയൊക്കെയും വേണ്ടെടാ..."
അലറിക്കൊണ്ട് അയാൾ അടി തുടർന്നു.
തമ്പുരാക്കന്മാരുടെ ശിരസ്സു പൊട്ടി ചോര ഒഴുകിക്കൊണ്ടിരുന്നു...
കാർത്തിക്കിനു ഭയമായി.
''സാറേ... ഇനി തല്ലിയാൽ ഇവര് ചത്തുപോകും."
ഋഷികേശ് അത് അവഗണിച്ചു:
''ചാകുന്നെങ്കിൽ ചാകട്ടെ... ജനാലയിലോ വെന്റിലേഷനിലോ കെട്ടിത്തൂക്കാം. എന്റെ കുഞ്ഞിനെ കൊന്നത് ആരാണെന്ന് ഇവര് പറയട്ടെ..."
അടി തുടർന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല...
അടുത്ത ദിവസം.
രാവിലെ ആയപ്പോഴേക്കും അനന്തഭദ്രന്റെയും ബലഭദ്രന്റെയും ശരീരമാസകലം നീരുവന്ന് വീർത്തു.
അവർക്ക് ഒന്നനങ്ങാനോ നാവ് ചലിപ്പിക്കാനോ പോലും കഴിയാത്ത അവസ്ഥയായി.
ഋഷികേശ് രാത്രിതന്നെ വീട്ടിലേക്കു പോയിരുന്നു.
രാവിലെ 9 മണി. പോലീസ് സ്റ്റേഷൻ.
അഡ്വക്കേറ്റ് നാരായണൻ തമ്പിയും തമ്പുരാക്കന്മാരുടെ ഭാര്യമാരായ ഇന്ദിരാഭായിയും സുമംഗലയും കൂടി അവിടേക്കു വന്നു.
അഡ്വക്കേറ്റ്, എസ്.ഐ കാർത്തിക്കുമായി സംസാരിച്ചു.
''തമ്പുരാക്കന്മാരെ നിങ്ങൾ എപ്പോൾ കോടതിയിൽ ഹാജരാക്കും?"
''അത് സി.ഐ സാർ വന്നിട്ടേ അറിയാൻ കഴിയൂ. തമ്പുരാക്കന്മാരുടെ ആളുകൾ ഇന്നലെ രാത്രി സാറിന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞല്ലോ."
കാർത്തിക്ക് പല്ലുകടിച്ചു.
''അത് ചെയ്തത് തമ്പുരാക്കന്മാരുടെ ആളുകളാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? അവരെ ആരെങ്കിലും കണ്ടോ?"
നാരായണൻ തമ്പി, എസ്.ഐയുടെ കണ്ണുകളിലേക്കു നോക്കി.
അവിടെ ഒരു പതർച്ച ദൃശ്യമായി.
തമ്പി വീണ്ടും തിരക്കി:
''അതിന് എന്തെങ്കിലും തെളിവുണ്ടോ?"
കാർത്തിക്കിന് ഉത്തരം മുട്ടി. എങ്കിലും പറഞ്ഞു:
''അവരെ അറസ്റ്റു ചെയ്ത ശേഷമാണല്ലോ ആ സംഭവം ഉണ്ടായത് ? "
''അതിന്?" തമ്പി ഒരു കസേര വലിച്ചിട്ട് ഇരുന്നു. '' എനിക്ക് തമ്പുരാക്കന്മാരെ കാണണം."
''സാർ... അത് ഋഷികേശ് സാറ് പറയാതെ.."
എസ്.ഐ പരുങ്ങി.
''അതിന് ഒരുത്തന്റെയും അനുവാദം എനിക്കു വേണ്ടാ. വക്കീലിന് തന്റെ കക്ഷികളെ കാണാനും സംസാരിക്കാനും അവകാശമുണ്ട്."
കാർത്തിക്ക് വെട്ടിലായി. ഈ അവസ്ഥയിൽ തമ്പുരാക്കന്മാരെ വക്കീൽ കണ്ടാൽ...
''അതല്ല സാർ.. എന്തായാലും സി.ഐ സാർ ഒന്നു വന്നിട്ട്."
അയാൾ പൂർത്തിയാക്കാൻ സമ്മതിച്ചില്ല അഡ്വക്കേറ്റ് നാരായണൻ തമ്പി.
''അയാൾ പോകുകയോ വരികയോ ചെയ്തോട്ടെ. പക്ഷേ എനിക്ക് തമ്പുരാക്കന്മാരെ കാണണം. അവരിപ്പോൾ ജീവനോടെ ഉണ്ടോ എന്ന കാര്യത്തിൽ പോലും ഞങ്ങൾക്കു സംശയമുണ്ട്."
കാർത്തിക് പകച്ചുനിന്നു.
താമസം വിനാ അഡ്വക്കേറ്റ് സെൽഫോൺ എടുത്ത് ആരെയോ വിളിച്ചു. പിന്നെ ഫോൺ കാർത്തിക്കിനു നീട്ടി.
''ഐ.ജിയാ..."
കാർത്തിക് വിറയ്ക്കുന്ന കൈകൊണ്ട് ഫോൺ വാങ്ങി. അയാൾ കുടുകുടെ വിയർത്തു തുടങ്ങി.
''സാർ... ചെയ്യാം സാർ..."
പറഞ്ഞിട്ട് ഫോൺ തമ്പിക്കു മടക്കി നൽകി.
''വരണം സാർ..."
വക്കീലിന്റെ പിന്നാലെ രണ്ടാം നിലയിലേക്കു പോകുവാൻ ഭാവിച്ച ഇന്ദിരാഭായിയെയും സുമംഗലയെയും കാർത്തിക് തടഞ്ഞു.
''നിങ്ങൾ ഇവിടെ നിന്നാൽ മതി. അവരെ കാണുവാൻ അഡ്വക്കേറ്റിനു മാത്രമേ അനുവാദമുള്ളൂ."
വക്കീലിന്റെയൊപ്പം എസ്.ഐയും രണ്ട് പോലീസുകാരും കൂടി മുകൾ നിലയിലേക്കു പോയി.
അവിടെ...
തറയിൽ ഉറച്ചുപോയ അവസ്ഥയിലായി നാരായണൻ തമ്പി.
''നിങ്ങളിവരെ കൊന്നോ അതോ കൊല്ലാക്കൊല ചെയ്തോ?"
തമ്പിയുടെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല.
തമ്പി, തന്റെ ഫോണിൽ തമ്പുരാക്കന്മാരുടെ ഫോട്ടോ എടുത്തു. അത് ഐ.ജിക്ക് വാട്സ് ആപ്പുവഴി അയച്ചു.
രണ്ട് മിനുട്ട്.
ഐ.ജി ഓഫീസിൽ നിന്ന് നിലമ്പൂർ സ്റ്റേഷനിലേക്കു വിളിവന്നു.
''തമ്പുരാക്കന്മാരെ എത്രയും വേഗം ഹോസ്പിറ്റലിൽ ആക്കുക."
ഋഷികേശിനോട് അഭിപ്രായം ചോദിക്കാൻ നിന്നില്ല കാർത്തിക്.
ഒരു ആംബുലൻസ് വിളിച്ചുവരുത്തി.
അതിൽ തമ്പുരാക്കന്മാരെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
(തുടരും)