കോട്ടയം: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ ഈയാഴ്ച കുറ്റപത്രം സമർപ്പിക്കും. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ദുർമന്ത്രവാദ രഹസ്യങ്ങൾ കരസ്ഥമാക്കാൻ ഒരു കുടുംബത്തിലെ നാലു പേരെ തലയ്ക്കടിച്ചു വീഴ്ത്തിയും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാൽ, പണവും സ്വർണവും മോഷ്ടിക്കാനാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അടിമാലി സ്വദേശിയായ മന്ത്രവാദിയെ പൊലീസ് പിടികൂടിയെങ്കിലും ഇയാളെ കുറ്റപത്രത്തിൽ പ്രതിയാക്കിയിട്ടില്ല. പകരം സാക്ഷിപട്ടികയിലാണ് ചേർത്തിരിക്കുന്നത്.
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെയാണ് കമ്പിവടിക്ക് അടിച്ചിട്ടശേഷം ക്രൂരമായി കൊലചെയ്തത്. 2018 ജൂലായ് 29ന് അർധരാത്രിയായിരുന്നു സംഭവം. രണ്ട് ദിവസം കഴിഞ്ഞാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അപ്പോഴേയ്ക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു.
അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, തൊടുപുഴ കീരികോട് സാലി ഭവനിൽ ലിബീഷ് ബാബു എന്നിവരാണ് കേസിൽ യഥാക്രമം ഒന്നും രണ്ടും പ്രതികൾ. ഇവർക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൊടുപുഴ ആനക്കുട് ചാത്തൻകൂട് ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് യഥാക്രമം മൂന്നും നാലും പ്രതികൾ. മൃതദേഹം മറവുചെയ്യാൻ സഹായിച്ചവരാണ് ഇവർ. കൂടാതെ തൊടുപുഴയിലെത്തി കൈയുറ വാങ്ങിക്കൊണ്ടു വന്നത് ശ്യാംപ്രസാദാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിൽ നിന്ന് കവർന്ന സ്വർണം വിൽക്കാൻ സഹായിച്ചത് സനീഷാണ്. നാലു പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.
പ്രതികൾ രക്ഷപെടാതിരിക്കാൻ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. സംഭവം നടന്ന് ആഴ്ചകൾ തികയുംമുമ്പേ പ്രതികളെയെല്ലാം അകത്താക്കാൻ സാധിച്ചത് പൊലീസിന്റെ മികവുകൊണ്ടായിരുന്നു. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒഫ് ഓണർ നല്കി ഡി.ജി.പി ആദരിച്ചിരുന്നു.